പോത്തേട്ടന്‍ ടീമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രമാണത്, മുമ്പ് ഞാനും അങ്ങനെ വിശ്വസിച്ചു: വിനീത് ശ്രീനിവാസന്‍
Entertainment news
പോത്തേട്ടന്‍ ടീമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രമാണത്, മുമ്പ് ഞാനും അങ്ങനെ വിശ്വസിച്ചു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th January 2023, 8:14 am

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറഫാത്ത് സംവിധാനം ചെയ്ത് ജനുവരി 26ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് തങ്കം. ഭാവന സ്റ്റുഡിയോസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ സിനിമകള്‍ക്ക് പൊതുവെ തിരക്കഥ കാണറില്ല, സെറ്റില്‍ വെച്ച് ഇമ്പ്രവൈസ് ചെയ്യുകയാണല്ലോ പതിവ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

കൃത്യമായ തിരക്കഥ വെച്ചിട്ടാണ് അവര്‍ സിനിമ ചെയ്യുന്നതെന്നും എന്നാല്‍ തിരക്കഥ കാണാതെ പഠിക്കുന്നതിന് പകരം തിരക്കഥാകൃത്തും സംവിധായകനും കഥ വിശദീകരിച്ച് തരികയാണ് പതിവെന്നും വിനീത് പറഞ്ഞു. അങ്ങനെ ചെയ്യുമ്പോള്‍ സ്വയം ഡയലോഗുകള്‍ പറയുകയാണെന്ന തോന്നല്‍ വരുമെന്നും എന്നാല്‍ അവര്‍ പറയുന്നത് തന്നെയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

‘എല്ലാവരും പറയുന്നത് പോലെ തിരക്കഥയില്ലാതെ ഒരു അടിസ്ഥാന കഥ വെച്ചിട്ട് മാത്രമല്ല ഇവര്‍ സിനിമ ഷൂട്ട് ചെയ്യുന്നത്. കൃത്യമായി എഴുതി വെച്ചിട്ടുള്ള ഒരു തിരക്കഥ ഇവരുടെ കയ്യിലുണ്ട്. തങ്കത്തില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ഞാനും കേട്ടിട്ടുള്ളത് ഓവറോള്‍ ഒരു തിരക്കഥ മാത്രമെ കാണൂ, ബാക്കി ഷൂട്ടിന്റെ ഇടയില്‍ വിപുലീകരിച്ച് എടുക്കുന്നതാണെന്നാണ്. എന്നാല്‍ ഇവരുടെ കൂടെ വര്‍ക്ക് ചെയ്തപ്പോഴാണ് അങ്ങനെയല്ലെന്ന് എനിക്ക് മനസിലായത്.

പക്ഷെ ഇവരുടെ ഷൂട്ടിങ് പ്രൊസസിന് ചില വ്യത്യാസങ്ങളുണ്ട്. അറഫാത്ത് ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് എന്നെ വിളിച്ച് പറഞ്ഞു വിനീതിന് തിരക്കഥ വേണമെങ്കില്‍ ഞാന്‍ അയക്കാം, പക്ഷെ ഞങ്ങളുടെ ഒരു രീതി സെറ്റില്‍ വന്ന് സീനിനെ കുറിച്ച് ചര്‍ച്ച നടത്തി ഷൂട്ട് ചെയ്യുന്നതാണെന്ന്. ഞാന്‍ ഇന്നുവരെ അങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അറഫാത്തിനോട് പറഞ്ഞു നിങ്ങളുടെ രീതി എങ്ങനെയാണോ അങ്ങനെ മതിയെന്ന്.

അങ്ങനെയാണ് ശരിക്കും ഈ സിനിമ നടന്നത്. ഞാനൊരു സീനിന്റെയും പേപ്പര്‍ തങ്കത്തിന്റെ സെറ്റില്‍ വെച്ച് കണ്ടിട്ടില്ല. പക്ഷെ ഫുള്‍ ബോണ്‍ സ്‌ക്രിപ്റ്റ് അവിടെയുണ്ടെന്ന് നമുക്കറിയാം. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ശ്യാം വാനിലേക്ക് വരും. എന്നിട്ട് സീനിനെ കുറിച്ച് നമ്മളോട് സംസാരിക്കും. അതിലെ ഡയലോഗുകള്‍ പറയാറില്ല അതിന്റെ ഉള്ളടക്കം മാത്രമാണ് പറഞ്ഞുതരുന്നത്. അതിലൂടെ തന്നെ ആ കഥാപാത്രത്തിന്റെ സഞ്ചാരം എങ്ങനെയാണെന്നും ആ സീനില്‍ എന്താണ് നടക്കുന്നതെന്നും മനസിലാക്കി തരും.

സെറ്റില്‍ എത്തി കഴിയുമ്പോള്‍ ബാക്കി ഡീറ്റെയ്ല്‍സ് അറഫാത്തിന്റെ കയ്യില്‍ നിന്നും കിട്ടും. എന്നിട്ടാണ് നമ്മള്‍ അവിടെ നിന്ന് അഭിനയിക്കുന്നത്. അപ്പോള്‍ നമുക്കുണ്ടാകുന്ന തോന്നല്‍ നമ്മള്‍ സ്വയം പറയുകയാണെന്നാണ്. ശരിക്കും അവര്‍ എഴുതിവെച്ചിരിക്കുന്നത് തന്നെയാണ് നമ്മള്‍ പറയുന്നത്. ഡയലോഗുകള്‍ മനസിലാക്കിയാണ് പറയുന്നത്. അല്ലാതെ പഠിച്ച് പറയുകയല്ല. പോത്തേട്ടന്‍ ടീമിനെ കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ട് അത് മാറ്റാനാണ് ഞാന്‍ ഇത്രയും വിശദീകരിച്ച് പറഞ്ഞത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

CONTENT HIGHLIGHT: VINEETH SREENIVASAN ABOUT THANKAM MOVIE LOCATION