|

ഭാവിയിൽ എന്റെ ആ ചിത്രത്തെ കുറിച്ച് എല്ലാവരും സംസാരിക്കും, ഞാൻ ഏറ്റവും ആസ്വദിച്ച സിനിമയാണത്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. ഏറ്റവും ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടിയിരുന്നു.

താൻ അഭിനയിച്ച തങ്കം എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത് ശ്യാം പുഷ്കരന്റെ രചനയിൽ ഒരുങ്ങിയ ചിത്രമാണ് തങ്കം.

താൻ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ് തങ്കമെന്നും തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും തന്റെ വിജയ ചിത്രങ്ങളേക്കാൾ ഭാവിയിൽ പ്രേക്ഷകർ സംസാരിക്കാൻ പോവുന്ന സിനിമയായിരിക്കും തങ്കമെന്നും ഫിലിം കമ്പാനിയൻ സൗത്തിനോട് വിനീത് പറഞ്ഞു.

‘തങ്കം റിലീസായത് കണ്ടപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ബോക്സ്‌ ഓഫീസിൽ വലിയ സൂപ്പർ ഹിറ്റായോ ഇല്ലയോ എന്നതല്ല. അതിനപ്പുറം ഒരു വാല്യൂവും ലൈഫുമുള്ള ചിത്രമാണ് തങ്കം.

അതവിടെ നിന്നോളും. എന്റെ സൂപ്പർ ഹിറ്റായിട്ടുള്ള പടങ്ങളെ കുറിച്ചും ഞാൻ സംവിധാനം ചെയ്ത സിനിമകളെ കുറിച്ചൊന്നും കുറച്ച് നാളുകഴിഞ്ഞാൽ ആരും സംസാരിക്കില്ല. പക്ഷെ തങ്കത്തെ പറ്റി ആളുകൾ സംസാരിക്കും.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണത്. ഞാൻ അഭിനയിച്ച പടങ്ങളിൽ ഞാൻ ഏറ്റവും ആസ്വദിച്ചു കണ്ട പടം തങ്കമാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan About Thankam Movie