Entertainment
ഷൂട്ടിങ് കാണാൻ പോലും ആരുമില്ലാതിരുന്ന ആ കൊച്ചുപടം തിയേറ്ററിൽ എത്തിയപ്പോൾ സൂപ്പർഹിറ്റായി: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 05:28 am
Tuesday, 11th February 2025, 10:58 am

ഹൈപ്പിലാതെ വന്ന് 2019ല്‍ വലിയ ഹിറ്റടിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സൗഹൃദവും പ്രണയവും കലഹവും ഒത്തുചേര്‍ന്നതായിരുന്നു ഈ ചിത്രം. അനശ്വര രാജനും വിനീത് ശ്രീനിവാസനും മാത്യു തോമസുമായിരുന്നു സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്. ഗിരീഷ്.എ.ഡി ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങൾ.

തണ്ണീര്‍മത്തന്‍ ദിനങ്ങൾ എന്ന സിനിമയിലേക്ക് താൻ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ആ ചിത്രത്തിലേക്ക് താൻ എത്തിയത് ആകസ്മികമായിട്ടാണെന്നും ജോമോൻ ടി.ജോണാണ് തന്നെ ആ സിനിമയിലേക്ക് വിളിച്ചതെന്നും വിനീത് പറയുന്നു.

തന്റെ കഥാപാത്രത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് പേടിയുണ്ടായിരുന്നുവെന്നും ചെറിയ പടം എന്ന നിലയിലാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളെ സമീപിച്ചതെന്നും വിനീത് പറയുന്നു. ഷൂട്ടിങ് കാണാൻ പോലും ആരും ഇല്ലാതിരുന്ന ആ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിജയമായെന്നും വിനീത് കൂട്ടിച്ചേർത്തു.

‘തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലേക്ക് ഞാൻ എത്തിയത് ആകസ്‌മികമായിരുന്നു. ജോമോൻ ടി. ജോണാണ് ആദ്യം എന്നെ വിളിക്കുന്നത്. ‘ഞാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ ഒരു കഥാപാത്രമുണ്ടെന്നും 10 ദിവസത്തെ ഷൂട്ടേ ഉള്ളൂ, വിനീത് വരണമെന്നും പറഞ്ഞു. ജോമോൻ എൻ്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്.

അങ്ങനെയാണ് കഥ കേട്ട് ഇഷ്ടമായി തണ്ണീർമത്തനിലേക്ക് എത്തുന്നത്. സാധാരണയിൽ നിന്ന് ഒരുപടി മുകളിൽ നിൽക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നൊരു ഭയമുണ്ടായിരുന്നു. ഒരു ചെറിയ പടം എന്ന രീതിയിലാണ് റിലീസ് ദിവസംവരെ തണ്ണീർമത്തനെ എല്ലാവരും നോക്കിക്കണ്ടത്.

ഷൂട്ടിങ് കാണാൻപോലും ആരും ഉണ്ടായിരുന്നില്ല. തിയേറ്ററിലെത്തിയപ്പോൾ കൊച്ചുപടം വലിയ പടമായി മാറി. എൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറി. അത്തരമൊരു വിജയത്തിൻ്റെ ഭാഗമാകാനായതിൽ അഭിമാനം തോന്നുന്നു.

തണ്ണീർമത്തൻ ഞാനും അച്ഛനും ഒന്നിച്ചുപോയാണ് കണ്ടത്. പക്ഷേ, അച്ഛൻ വീട്ടിലെത്തിയിട്ടും സിനിമയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ ചോദിക്കാനും പോയില്ല. പടം ഇഷ്ടമായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം,’വിനീത് പറയുന്നു.

 

Content Highlight: Vineeth Sreenivasan About Thaneermathan Dhinangal Movie