| Wednesday, 19th April 2023, 4:28 pm

തമിഴില്‍ ആളുകളെ കണ്‍വീന്‍സ് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്; ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വരുമോ എന്ന തോന്നലുമുണ്ട്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ നിര്‍മാണം തന്നെ കൊണ്ട് പറ്റാത്ത പണിയാണെന്നും ആ ഏരിയ താന്‍ അത്ര ശ്രദ്ധിക്കാറില്ലെന്നും പറയുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പ്രൊഡ്യൂസ് ചെയ്ത പടത്തിന് വരുമാനം കിട്ടുമ്പോള്‍ തനിക്ക് എടുക്കാമെങ്കിലും അത് തന്റെ പൈസയാണെന്ന ഫീല്‍ ഉണ്ടാവാറില്ലെന്നും വിനീത് പറഞ്ഞു. അതൊരുപക്ഷേ തന്റെ മാത്രം പ്രശ്നമായിരിക്കുമെന്നും വിനീത് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘ഞാന്‍ അഭിനയിച്ചിട്ടോ അല്ലെങ്കില്‍ ഞാന്‍ സംവിധാനം ചെയ്തിട്ടോ എനിക്കൊരു ശമ്പളം കിട്ടുമ്പോള്‍ അത് ഞാന്‍ നേടിയെടുക്കുന്ന ശമ്പളമാണെന്ന ഫീല്‍ എനിക്ക് കിട്ടാറുണ്ട്. പ്രൊഡ്യൂസ് ചെയ്തിട്ട് അതില്‍ നിന്ന് വരുമാനം ഉണ്ടാകുമ്പോള്‍ ഇതിന് മാത്രം ഞാന്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന് എനിക്ക് തോന്നാറുണ്ട്. എനിക്ക് വേണ്ടി ആള്‍ക്കാര്‍ ഓടിയിട്ടുണ്ട്. ഇത് വേറൊരുത്തന്‍ ഡയറക്ട് ചെയ്തിട്ടുണ്ട്. വെറുതെ എന്റെ കയ്യില്‍ വരുന്ന പൈസ പോലെ ഫീല്‍ ചെയ്യാറുണ്ട്. മാത്രമല്ല അത് വളരെ ടഫായുള്ള ഏരിയ ആണ്. കിടന്നുമറിയാനുള്ള ടെന്‍ഷന്‍ പിടിച്ച ഏരിയ ആണ്. അതിന് വേറെ സ്‌കില്‍ തന്നെ വേണം,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ഒരു തമിഴ് സിനിമ ചെയ്യാത്തത് എന്ന ചോദ്യത്തിനും വിനീത് അഭിമുഖത്തില്‍ മറുപടി നല്‍കി. ‘തമിഴില്‍ വര്‍ക്ക് ചെയ്യാതിരുന്നതിനുള്ള ഒരു കാരണം നമ്മള്‍ വേറൊരു ഇന്‍ഡസ്ട്രിയില്‍ പോയി വര്‍ക്ക് ചെയ്യുമ്പോള്‍ മലയാളത്തില്‍ നമുക്ക് കിട്ടുന്നതുപോലുള്ള പോസിറ്റീവ് എന്‍വിയോണ്‍മെന്റ് ഉണ്ടാവുമോ എന്ന സംശയത്തിന്റെ പുറത്താണ്.

‘നമുക്ക് ഇഷ്ടമല്ലാത്ത കുറേ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമോ, ആക്ടേഴ്സിന്റെ നിര്‍ബന്ധത്തിന് അനുസരിച്ച് നില്‍ക്കേണ്ടി വരുമോ എന്നൊക്കെയുള്ള തോന്നലുകള്‍ മനസില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പുഷ് ചെയ്ത് പുഷ് ചെയ്ത് പോയത്. പിന്നെ ഇപ്പോള്‍ നിലവില്‍ ഏറ്റവും ക്രിയേറ്റീവ് ആയി ജോലി ചെയ്യുന്ന ആള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. ഇവിടെ നമുക്ക് ആരേയും ഒരു സബ്ജക്ട് ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്യേണ്ട കാര്യമില്ല. സിനിമ എന്റര്‍ടെയ്നിങ് ആണെങ്കില്‍ ഏത് രീതിയിലുള്ള സിനിമയും ഇവിടെ സംഭവിക്കുകയും ചെയ്യും. ഓഡിയന്‍സും ഉണ്ട്.

പക്ഷേ തമിഴില്‍ ചെയ്യുമ്പോള്‍ അത്തരത്തില്‍ കണ്‍വിന്‍സ് ചെയ്യിക്കാനൊക്കെ കുറച്ച് ബുദ്ധിമുട്ടായിരിക്കും. അവിടെ വരുന്ന സിനിമകള്‍ കാണുമ്പോള്‍ നമുക്കത് ഫീല്‍ ചെയ്യുന്നുണ്ടല്ലോ. മെയിന്‍ സ്ട്രീമില്‍ വരുമ്പോള്‍ അവിടെ ഡയറക്ടേഴ്സിന് ഒരു ഫ്രീഡം കുറയുന്ന പോലെ ഫീല്‍ ചെയ്തിട്ടുണ്ട്. തമിഴില്‍ സിനിമ ചെയ്യാനായി ചില പ്രൊഡ്യൂസേഴ്സും നടന്‍മാരുമൊക്കെ സമീപിച്ചിട്ടുണ്ട്,’ വിനീത് പറഞ്ഞു.

തമിഴില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും വിനീത് മറുപടി നല്‍കി. ‘തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ല. വേറൊന്നും കൊണ്ടല്ല. അഭിനയിച്ചാല്‍ പെട്ടെന്ന് ആളുകള്‍ നമ്മളെ തിരിച്ചറിയും. ഞാന്‍ അവിടെ ആണല്ലോ താമസിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ഫ്രീഡം കൊണ്ടുപോയി കളയേണ്ടല്ലോ എന്ന് കരുതിയിട്ടാണ്,’ വിനീത് പറഞ്ഞു.

content highlight: vineeth sreenivasan about tami cinema

We use cookies to give you the best possible experience. Learn more