2013ല്‍ രാകേഷ് മണ്ടോടി തിരക്കഥയെഴുതി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് തിര. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു ഇത്. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്.
നവീന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു സിനിമയില്‍ ധ്യാന്‍ എത്തിയത്. നടി ശോഭന വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ടായിരുന്നു. സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വിനീത് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനുള്ള സാധ്യതകൾ ബാക്കിയാക്കിയാണ് തിര അവസാനിച്ചത്. പിന്നീട് തിരയുടെ രണ്ടാംഭാഗം തനിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ധ്യാൻ ശ്രീനിവാസനും പറഞ്ഞിരുന്നു. പതിവ് വിനീത് സിനിമകളിൽ നിന്ന് വ്യത്യസ്തമായ ചിത്രമായതിനാൽ തന്നെ സിനിമയുടെ രണ്ടാംഭാഗത്തിന് കാത്തിരിക്കുന്ന നിരവധിപേരുണ്ട്.
എന്നാൽ താൻ എന്തായാലും ആ സിനിമ ഉപേക്ഷിച്ചതാണെന്നും ഇനി ധ്യാൻ ചെയ്യുന്നുണ്ടെങ്കിൽ കൂടെയുണ്ടാവുമെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. തിരയുടെ റീ റിലീസിനെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും അതിനെകുറിച്ച് നിർമാതാവിനോട് സംസാരിച്ച് നോക്കണമെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാകേഷേട്ടനും ധ്യാനും ചേർന്ന് തിര 2 വിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഞാൻ എന്തായാലും ആ സിനിമ ഉപേക്ഷിച്ച ആളാണ്. അവർ ചെയ്യുന്നുണ്ടെങ്കിൽ പിന്നിൽ ഞാനും ഉണ്ടാവും. തിരസ് റീ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല.
അതിന്റെ നിർമാതാവുമായ സംസാരിക്കാൻ ഒരു അവസരം കിട്ടി കഴിഞ്ഞാൽ എനിക്കതൊന്ന് പറഞ്ഞ് നോക്കണം. ആ സിനിമയുടെ കുലുക്കം ഒന്ന് കുറച്ചിട്ട് ഇറക്കേണ്ടി വരും. പക്ഷെ ഇപ്പോൾ ഇറങ്ങിയാൽ ആളുകൾ അത് സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം,’വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth Sreenivasan About Second Part Of Thira And Rerelease