|

'അല്ലു അര്‍ജുനേക്കാള്‍ ഇരട്ടി കയ്യടി ഫഹദിന് കിട്ടി, രോമാഞ്ചം വന്ന നിമിഷമായിരുന്നു അത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈയിലെ ഒരു തിയേറ്ററിലിരുന്ന് പുഷ്പ സിനിമ കണ്ടതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പുഷ്പയില്‍ നായകനായ അല്ലു അര്‍ജുനേക്കാള്‍ കൂടുതല്‍ കൈയ്യടികള്‍ ലഭിച്ചത് ഫഹദ് ഫാസിലിനായിരുന്നു എന്നും വിനീത് പറഞ്ഞു. ഫഹദിനെ കണിച്ചപ്പോള്‍ തിയേറ്റര്‍ ഇളകി മറിഞ്ഞെന്നും അത് കണ്ട് തനിക്ക് രോമാഞ്ചം വന്നെന്നും വിനീത് പറഞ്ഞു.

അല്ലു അര്‍ജുനായിരിക്കും കൂടുതല്‍ കയ്യടികള്‍ കിട്ടുക എന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അദ്ദേഹത്തെക്കാള്‍ ട്രിപ്പിള്‍ കയ്യടിയായിരുന്നു ഫഹദിന് കിട്ടിയതെന്നും വിനീത് പറഞ്ഞു. തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ ഫഹദിനെ വിളിച്ച് കാര്യം പറഞ്ഞെന്നും ഒരു ചിരി മാത്രമായിരുന്നു മറുപടിയെന്നും വിനീത് പറഞ്ഞു.

‘ചെന്നൈയിലെ ഒരു തിയേറ്ററിലാണ് ഞാന്‍ പുഷ്പ സിനിമ കണ്ടത്. റിലീസ് ചെയ്ത ദിവസം തന്നെയാണ് ഞാന്‍ കാണാന്‍ പോയത്. അല്ലു അര്‍ജുന്‍ വരുമ്പോള്‍ നല്ല കയ്യടി കിട്ടിയിരുന്നു. അതുകഴിഞ്ഞ് പടം മുമ്പോട്ട് പോയി. ഏതാണ്ട് ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണല്ലോ ഷാനുവിനെ കാണിക്കുന്നത്. ശരിക്കും ഷാനുവിനെ കാണിച്ചപ്പോള്‍ തിയേറ്റര്‍ ഒന്ന് ഇളകി മറിഞ്ഞു.

ഞാന്‍ വിചാരിച്ചത് അല്ലു അര്‍ജുനായിരിക്കും കൂടുതല്‍ കയ്യടി കിട്ടുക എന്നാണ്. ഒരു പക്ഷെ തെലുങ്കില്‍ അദ്ദേഹത്തിന് തന്നെയായിരിക്കും കൂടുതല്‍ കയ്യടി കിട്ടുക. എന്നാല്‍ ചെന്നൈയില്‍ അല്ലു അര്‍ജുന് കിട്ടിയതിനേക്കാള്‍ ഡബിള്‍, ട്രിപ്പിള്‍ കയ്യടിയാണ് ഷാനുവിന് കിട്ടിയത്. എനിക്കപ്പോള്‍ ‘ഓ മൈ ഫ്രണ്ട്’ എന്ന ഫീലാണ് വന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു രോമാഞ്ചമൊക്കെ വന്നു.

ഷോ കഴിഞ്ഞ് ഇറങ്ങിയ ഉടനെ ഞാന്‍ ഷാനുവിനെ ഫോണ്‍ വിളിച്ചു. ഈ സംഭവമൊക്കെ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചത് മാത്രമേയുള്ളു. അവര്‍ക്ക് ആ ഫീലിങ് മനസിലാവില്ല. തിയേറ്ററിലിരുന്ന് കേട്ടത് കൊണ്ട് നമുക്ക് ആ ഫീല്‍ കിട്ടുമല്ലോ. അത്തരത്തില്‍ കയ്യടിയൊക്കെ കിട്ടുന്ന ലെവലിലേക്ക് ഷാനു വളര്‍ന്നു,’ വിനീത് പറഞ്ഞു.

സുകുമാര്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ‘പുഷ്പ ദി റൈസ്’. 2022ലെ വലിയ വിജയങ്ങളിലൊന്നായിരുന്നു പുഷ്പയുടെ ഒന്നാം ഭാഗം. സിനിമയില്‍ പുഷ്പ എന്ന് അല്ലു അര്‍ജുന്‍ കഥാപാത്രത്തിന് എതിരാളിയായെത്തിയത് ഫഹദ് ഫാസില്‍ അവതരിപ്പിച്ച എസ്.പി ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രമായിരുന്നു.

content highlight: vineeth sreenivasan about pushpa theater response