| Sunday, 1st January 2023, 3:58 pm

ഞങ്ങള്‍ പലതവണ സംസാരിച്ചു, പക്ഷേ പൃഥ്വിരാജിന് വേണ്ടി ഒരു സ്‌ക്രിപ്റ്റ് ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 2022ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു.

ഒരു മികച്ച സംവിധായകനെന്ന നിലയില്‍ വിനീതിനെ ഒരിക്കല്‍ക്കൂടി മലയാളികള്‍ അംഗീകരിച്ച ചിത്രം കൂടിയായിരുന്നു ഹൃദയം. സിനിമ പോലെ തന്നെ ഹൃദയത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഹിഷാം അബ്ദുള്‍ വഹാബായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്.

ചിത്രത്തില്‍ പൃഥ്വിരാജ് പാടിയ താരക തൈതാരെ എന്ന പാട്ട് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രത്തെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് ഇക്കാര്യം പറഞ്ഞത്.

ഹൃദയത്തില്‍ താന്‍ ആ പാട്ട് പാടിയത് വിനീത് അടുത്ത സിനിമയില്‍ ചാന്‍സ് തരുമെന്ന പ്രതീക്ഷയിലാണ് എന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്, അടുത്ത പടത്തില്‍ ആ കടം വീടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘പൃഥ്വി എവിടെ കിടക്കുന്ന ആളാണ്. പൃഥ്വിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ എനിക്കല്ലേ അതിന്റെ ഗുണം. ഇപ്പോള്‍ സലാറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, പുള്ളിക്കെന്തിനാ ആ ചാന്‍സ്. ആലോചിച്ച് നോക്ക്.

രാജുവിന് പറ്റിയ ഒരു സക്രിപ്റ്റ് ഉണ്ടായിട്ട് അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പറ്റിക്കഴിഞ്ഞാല്‍ അടിപൊളി സംഭവമായിരിക്കും. ഞങ്ങള്‍ പലതവണ സംസാരിച്ചിട്ടുണ്ട്, പക്ഷേ അങ്ങനെ ഒരു സ്‌ക്രിപ്റ്റ് ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

കെ.ജി.എഫിലെ നായകന്‍ യഷ് തനിക്കറിയാവുന്ന ഏക മലയാളം പാട്ട് ‘പലവട്ടം കാത്തു നിന്നു ഞാന്‍’ ആണെന്ന് പറഞ്ഞതിനെ കുറിച്ചും വിനീത് അഭിമുഖത്തില്‍ സംസാരിച്ചു.

‘ഞാന്‍ ആ വീഡിയോ കണ്ടിരുന്നു. എനിക്ക് റോക്കി ഭായിയോട് ഒരു ഇഷ്ടം തോന്നി. കൊള്ളാം നമ്മുടെ ആളാണ് എന്നൊക്കെ തോന്നി.

നമ്മളുടെ ആളുകളുടെ, മലയാളികളുടെ ഏറ്റവും വലിയ ഗുണമെന്താണെന്നാല്‍ എവിടെയെങ്കിലും പോയാല്‍ അവര്‍ അവിടെ ഉള്ള ആളുകളെ കൊണ്ടും നമ്മളുടെ സിനിമകള്‍ കാണിക്കും. നീ ഇത് കാണ്, ലാലേട്ടനെ കാണ്, മമ്മൂക്കയെ കാണ്, നമ്മുടെ ഈ പാട്ട് കേള്‍ക്ക് എന്ന് പറഞ്ഞ് ബാക്കിയുള്ളവരെക്കൊണ്ട് അത് കേള്‍പ്പിക്കും.

ബാക്കിയുള്ള പല ഭാഷകളിലുള്ളവരും അങ്ങനെയല്ല. അവര്‍ ചുമ്മാ റൂമില്‍ ഇരുന്ന് കേള്‍ക്കും എന്നേ ഉള്ളൂ. നമ്മുടെ ആളുകള്‍ റൂമിലിരുന്ന് കേള്‍ക്കുകയും ചെയ്യും മറ്റുള്ളരെക്കൊണ്ട് കേള്‍പ്പിക്കുകയും ചെയ്യും. അങ്ങനെയൊക്കെയായിരിക്കും യഷ് അത് കേട്ടത്,’ വിനീത് പറയുന്നു.

Content Highlight: Vineeth Sreenivasan about Prithviraj

We use cookies to give you the best possible experience. Learn more