|

ഇതൊരു തുടക്കമാണ്, ഇതിന്റെ മുകളിലേക്കാണ് ആള് പോവുക; പ്രണവിനെ പറ്റി വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തില്‍ നായകനായതോടെ പ്രണവ് മോഹന്‍ലാല്‍ സ്വന്തം ഇമേജ് തന്നെ മാറ്റിയിരിക്കുകയാണ്. നേരത്തെ ജിത്തു ജോസഫിന്റെ ആദിയിലും അരുണ്‍ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നായകനായെങ്കിലും പ്രണവിന്റെ അഭിനയം അത്ര പോരെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നത്. ഈ സിനിമകള്‍ക്ക് തിയേറ്ററിലും വിജയമാകാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഹൃദയത്തിലെ ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതോടെ പ്രണവിന്റെ വിമര്‍ശകര്‍ പോലും അഭിനന്ദനവുമായെത്തിയിരിക്കുകയാണ്.

പ്രണവിന്റെ അഭിനയത്തില്‍ കാര്യമായ മാറ്റം വരുന്നുണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പ്രണവിനെ പറ്റി മനസ് തുറന്നത്. ‘നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.

കിരീടത്തിലൊക്കെ ലാലങ്കില്‍ നടന്നു പോകുമ്പോള്‍ ബാക്ക്‌ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്,’ വിനീത് പറഞ്ഞു.

‘അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരുകയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്‌സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക,’

ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയില്‍ 15 പാട്ടുകളാണുള്ളത്. നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശനാ’ എന്ന ഗാനവും വിനീതും ഭാര്യ ദിവ്യയും ചേര്‍ന്നു പാടിയ ഉണക്കമുന്തിരി എന്ന ഗാനവും ഹിറ്റായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vineeth sreenivasan about pranav mohanlal