| Friday, 11th November 2022, 5:18 pm

ദര്‍ശന മതില്‍ ചാടുന്ന സീനൊക്കെ ഷൂട്ട് ചെയ്തത് ലാലേട്ടന്റെ ആ പാട്ടിന്റെ ബി.ജി.എം ഇട്ടിട്ടാണ്; അച്ഛനോട് റൈറ്റ്സ് ചോദിക്കട്ടേയെന്ന് പ്രണവ് ചോദിച്ചിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അതിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്ന ഏതെങ്കിലും പാട്ടുകള്‍ പ്ലേ ചെയ്യുന്ന രീതി വിനീത് ശ്രീനിവാസന്‍ പിന്തുടരാറുണ്ട്. സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആ സീനിന്റെ ഫീല്‍ പൂര്‍ണമായി കിട്ടാനാണ് താന്‍ അങ്ങനെ ചെയ്യുന്നതെന്ന് പറയുകയാണ് വിനീത്. തട്ടത്തിന്‍ മറയത്തിന്റേയും ഹൃദയത്തിന്റേയുമെല്ലാം സമയത്ത് ആ രീതിയിലാണ് വര്‍ക്ക് ചെയ്തതെന്നും വിനീത് പറയുന്നു. ഹൃദയത്തില്‍ ദര്‍ശന മതില്‍ ചാടുന്ന സീനൊക്കെ മോഹന്‍ലാലിന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയുടെ ബി.ജി.എം ഇട്ടാണ് ഷൂട്ട് ചെയ്തതെന്നും സീന്‍ കഴിഞ്ഞ ശേഷം പ്രണവ് തന്റെ അടുത്ത് വന്ന് ഇതിന്റെ റൈറ്റ്‌സ് അച്ഛനോട് ചോദിച്ച് വാങ്ങിച്ചാലോ എന്ന് ചോദിച്ചിരുന്നെന്നും വിനീത് പറയുന്നു. അയാം വിത്ത് ധന്യവര്‍മ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘പാട്ട് പ്ലേ ചെയ്താണ് ചില സീനുകള്‍ ഷൂട്ട് ചെയ്യാറ്. നമ്മുടെ സെറ്റിലുള്ള എല്ലാര്‍ക്കും ആ സീനിന്റെ മൂഡ് മനസിലാകും. ചില ഡയറക്ടര്‍മാരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഡയറക്ടര്‍ക്കും ക്യാമറമാനും ആക്ടേഴ്‌സിനും മാത്രമേ അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ പറ്റുള്ളൂ, ആ മൂഡ് ഫീല്‍ ചെയ്യാന്‍ പറ്റുള്ളൂ. എന്നാല്‍ അവിടെ സീനിന് അനുകൂലമായ ഒരു മ്യൂസിക് ഉണ്ടെങ്കില്‍ ആ സെറ്റിലുള്ള എല്ലാവര്‍ക്കും അത് ഫീല്‍ ചെയ്യാന്‍ പറ്റും. എല്ലാവരുടേയും എനര്‍ജി അതിലേക്ക് പോകും. അത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ഒരു മാജിക് നടക്കും. തട്ടത്തിന്‍മറയത്തിലെ ചില സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ട്.

ഹൃദയം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ദര്‍ശനയും അപ്പുവും കൂടിയുള്ള ബീറ്റ് സീന്‍സുണ്ട്. അപ്പുവും കല്യാണിയുമുള്ള ബീറ്റ് സീനുമുണ്ട്. ഇതൊക്കെ ഞങ്ങള്‍ ഷൂട്ട് ചെയ്തത് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുടെ ബി.ജി.എം ഇട്ടിട്ടാണ്. ദര്‍ശന മതില്‍ ചാടുന്നതൊക്കെ ആ ബി.ജി.എം ഇട്ടിട്ട് തന്നെയാണ് ഷൂട്ട് ചെയ്തത്. ആ സീന്‍ കഴിഞ്ഞ ശേഷം അപ്പു എന്റെ അടുത്ത് വന്നിട്ട് ഞാന്‍ അച്ഛനോട് ഇതിന്റെ റൈറ്റ്‌സ് ചോദിക്കണോ എന്ന് ചോദിച്ചു. വേണ്ട നമുക്ക് വേറെ മ്യൂസിക്ക് ചെയ്യാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.

അതുപോലെ ആക്ടേഴ്‌സുമായുള്ള ഒരു റിലേഷന്‍ഷിപ്പ് നന്നായാല്‍ അതൊരു ഭയങ്കര ബ്യൂട്ടിഫുള്ളായുള്ള റിലേഷന്‍ഷിപ്പായി മാറുമെന്നും
വിനീത് പറഞ്ഞു. ഒരു പോയിന്റെത്തുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയേണ്ടി വരില്ല. നമ്മുടെ മനസില്‍ എന്താണെന്ന് അവര്‍ക്കും അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കും മനസിലാകും.

നിവിന്റെ കൂടെ ഷൂട്ട് ചെയ്യുമ്പോള്‍ നിവിന്‍ നെര്‍വസ് ആണെങ്കില്‍ അത് എനിക്ക് മനസിലാകും. വേറെ ആര്‍ക്കും ഒരുപക്ഷേ അത് മനസിലാകണമെന്നില്ല. അപ്പോള്‍ ഞാന്‍ ആ സീന്‍ പുഷ് ചെയ്ത് വേറെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കും അതിന് പറ്റില്ലെങ്കില്‍ ഞാന്‍ ചില സേഫ്റ്റി ഷോട്ടുകള്‍ എടുത്തുവെക്കും, അവന്റെ നെര്‍വെസ്‌നെസ് സ്‌ക്രീനില്‍ വരാത്ത രീതിയില്‍ മാനേജ് ചെയ്യും. അത്തരത്തില്‍ ഒരു സ്റ്റേജ് കഴിയുമ്പോള്‍ അങ്ങനെ ഒരു കമ്യൂണിക്കേഷന്‍ താനേ വരും, വിനീത് പറഞ്ഞു.

Content Highlight: Vineeth sreenivasan about Pranav Mohanlal Question based on a BGM

We use cookies to give you the best possible experience. Learn more