| Sunday, 9th April 2023, 4:31 pm

അലക്കി വെളുപ്പിക്കുന്നത് പോലെ നമുക്ക് തോന്നും; ആ വെബ്‌സീരിസിന്റെ പേര് ഞാന്‍ പറയുന്നില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊളിറ്റിക്കല്‍ കറക്ടനെസ് സിനിമയുടെ എഴുത്തിനെ ബാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ബേസിക്കായിട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍ കൂടുതലായി അക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത് സിനിമയുടെ സ്വാഭാവികതയെ ബാധിക്കുമെന്നും വിനീത് പറഞ്ഞു.

അത്തരത്തില്‍ പൊളിറ്റിക്കലി കറക്ടാകാന്‍ ശ്രമിച്ച് അബദ്ധമായപോയ ഒരു വെബ് സീരീസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വെബ് സീരീസിന്റെ പേരെടുത്ത് പറയാതെയാണ് വിനീത് വിമര്‍ശിച്ചത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ബേസിക്കായിട്ടുള്ള ചില കാര്യങ്ങള്‍ നോക്കുന്നത് നല്ലതായിരിക്കും. വല്ലാതെ അക്കാര്യങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ കഥാപാത്രങ്ങള്‍ സംസാരിക്കാന്‍ സാധ്യതയില്ലാത്ത രീതിയില്‍ നമ്മള്‍ ഡയലോഗ് എഴുതി തുടങ്ങും. നമ്മള്‍ അപ്പോള്‍ അലക്കി വെളുപ്പിക്കാന്‍ തുടങ്ങും. അത് ക്രാഫ്റ്റിനെ ബാധിക്കും. ഒരാള്‍ ആ സാഹചര്യത്തില്‍ സംസാരിക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ വരെ സംസാരിക്കേണ്ടി വരും.


അങ്ങനെ നമുക്ക് വെബ് സീരീസിലൊക്കെ കാണാന്‍ സാധിക്കും. അടുത്തിടെ അങ്ങനെയൊരണം ഞാന്‍ കണ്ടിരുന്നു. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. അവര്‍ക്ക് ആ കഥാപാത്രത്തെ കൊണ്ട് ഒരു ഡയലോഗ് പറയിപ്പിച്ച് കയ്യടി വാങ്ങിക്കണം. എന്നാല്‍ അത് പൊളിറ്റിക്കലി ഇന്‍കറക്ടാകാനും പാടില്ല. അതുകൊണ്ട് തന്നെ ഉടനെ അതിനൊരു റിയാക്ഷന്‍ ഡയലോഗ് പറയണം.

ശരിക്കും പറഞ്ഞാല്‍ കഥ പറയുന്ന പോക്കില്‍ എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി അങ്ങനെയൊരു ഡയലോഗ് പറയിക്കുന്നു. പിന്നെ അത് പൊളിറ്റിക്കലി കറക്ടല്ലാത്തത് കൊണ്ട് അതിനെ തിരുത്തണം. അങ്ങനെ അതൊക്കെ തിരുത്തി കഴിഞ്ഞതിന് ശേഷം മാത്രമാണ് കഥപറയാന്‍ പറ്റുകയുള്ളു. ഇങ്ങനെയൊരു അജണ്ട വെച്ചിട്ട് ആളുകള്‍ മൂവ് ചെയ്യുകയാണ്.

അതെന്ന് പറയുന്നത് വാണിജ്യ സിനിമ വാണിജ്യമാക്കുന്നതിന് വേണ്ടി എഴുതുന്നതിനേക്കാള്‍ അബദ്ധമായിരിക്കും. കുറച്ചുകൂടി സത്യസന്ധമായി നമ്മള്‍ സിനിമകള്‍ എഴുതേണ്ടതുണ്ട്. എന്നാല്‍ ബേസിക്കായിട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

content highlight: vineeth sreenivasan about political correctness

Latest Stories

We use cookies to give you the best possible experience. Learn more