അവന്റെ മകന്‍ ഇവന്റെ മകന്‍ മറ്റവന്റെ മകന്‍, ഇതൊന്നും വെറുതെ പറയുന്നതല്ലല്ലോ നെപ്പോട്ടിസം തന്നെയല്ലേ; നിവിന്‍ ചോദിച്ചു: വിനീത് ശ്രീനിവാസന്‍
Movie Day
അവന്റെ മകന്‍ ഇവന്റെ മകന്‍ മറ്റവന്റെ മകന്‍, ഇതൊന്നും വെറുതെ പറയുന്നതല്ലല്ലോ നെപ്പോട്ടിസം തന്നെയല്ലേ; നിവിന്‍ ചോദിച്ചു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th June 2024, 1:12 pm

മലയാള സിനിമയിലെ നെപ്പോട്ടിസത്തെ കുറിച്ച് നെപ്പോ കിഡ്‌സിനെ വെച്ച് ഒരുക്കിയ സിനിമയില്‍ തന്നെ പറയുക. അതും നിവിന്‍ പോളിയെ പോലെ മലയാള സിനിമയിലേക്ക് ഒറ്റയ്ക്ക് വഴിവെട്ടിവന്നവനെ കൊണ്ട് തന്നെ പറയിപ്പിക്കുക. മലയാള സിനിമയിലെ നെപ്പോ കിഡ്ഡായ വിനീത് ശ്രീനിവാസന്‍ തന്നെ ആ ചിത്രം സംവിധാനം ചെയ്യുക. മലയാള സിനിമയില്‍ മാത്രം നടക്കുന്ന രസകരമായ ചില കാര്യങ്ങളാണ് ഇത്. വിനീത് ശ്രീനിവാസനല്ലാതെ ഒരുപക്ഷേ മറ്റൊരാള്‍ക്ക് ഇത്തരമൊരു കണ്‍സെപ്ക്ട് മലയാള സിനിമയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും തോന്നുന്നില്ല.

വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലെ ഏറ്റവും രസകരമായ ഒരു രംഗമായിരുന്നു ചിത്രത്തിലേക്കുള്ള നിവിന്‍പോളിയുടെ എന്‍ട്രി. നിതിന്‍ മോളി എന്ന സിനിമാതാരമായി തകര്‍ക്കുകയായിരുന്നു ചിത്രത്തില്‍ നിവിന്‍.

സിനിമയിലെ നെപ്പോട്ടിസത്തെ കുറിച്ച് നിവിന്‍ പറയുന്ന ഡയലോഗുകളെല്ലാം കയ്യടികളോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രത്തിലെ നിവിന്റെ പോര്‍ഷനെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നിവിന്‍ തന്നോട് തിരിച്ചുചോദിച്ച ഒരു ചോദ്യത്തെ കുറിച്ചാണ് ഓണ്‍ ദി ഡോട്ട് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറയുന്നത്.

‘ ഹോട്ടല്‍ റൂമിലെ സീന്‍ ഞാന്‍ നരേറ്റ് ചെയ്തതിന് ശേഷം നിവിന്റെ അതുവരെയുള്ള സന്തോഷമൊക്കെ അങ്ങ് മാറി. ഇത് ഭയങ്കര റിസ്‌കാണല്ലോയെന്ന് ചോദിച്ചു. ആണെന്നും പക്ഷേ ആ അറ്റത്ത് വരെ പോയാല്‍ മാത്രമേ ഇത്തരത്തില്‍ ഇംപാക്ട് ഉള്ള സാധനം കിട്ടൂവെന്നും ഞാന്‍ പറഞ്ഞു.

ഒരു തരത്തില്‍ ഞാണിന്മേല്‍ കളിയായിരുന്നു അത്. ഒന്ന് അപ്പുറത്തേക്ക് പോയാല്‍ കൂവല്‍കിട്ടും. ഇപ്പുറത്തേക്ക് വന്നാല്‍ കയ്യടി കിട്ടും ടോട്ടല്‍ സിനിമ വര്‍ക്ക് ചെയ്തില്ലെങ്കിലും ഇത് പാളുമായിരുന്നു. പിന്നെ അവന്‍ എന്നോടുള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് വന്നത്. വന്ന് കോസ്റ്റിയൂം ഇട്ട് ഫസ്റ്റ് സീന്‍ ചെയതപ്പോള്‍ തന്നെ അവന് കോണ്‍ഫിഡന്‍സ് കിട്ടി.

പിന്നെ ഹോട്ടല്‍ റൂമിലെ സീനൊക്കെ എടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ഇവിടെ ഭയങ്കര നെപ്പോട്ടിസം ഉണ്ട്, ഇവിടെ ഇങ്ങനെയാണ്, ഇത് പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരുപറ്റം ആളുകള്‍ നില്‍ക്കുന്ന ഇടമാണ്. അവര്‍ കൂടി നിന്നാണ് സിനിമ ചെയ്യുന്നത്. പുറത്ത് നിന്നുള്ള ആള്‍ക്കാര്‍ക്ക് ഇവിടെ സിനിമ ചെയ്യാന്‍ പറ്റുന്നില്ല. അവര്‍ക്ക് സിനിമ റിലീസ് ചെയ്യാന്‍ പറ്റുന്നില്ല എന്നൊക്കെ നിന്റെ ഫെര്‍ഫോമന്‍സിലൂടെ ആള്‍ക്കാര്‍ക്ക് തോന്നണം. ആ രീതിയില്‍ പിടിക്കണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നെ ഇങ്ങനെ നോക്കിയിട്ട്, ഇതൊക്കെ ഉള്ളതുതന്നെയാണെന്ന് പറഞ്ഞു (ചിരി).

ശരി, ആ ബിലീഫില്‍ അങ് ചെയ്താല്‍ മതിയെന്ന് ഞാനും പറഞ്ഞു. ചെയ്തു കഴിഞ്ഞപ്പോള്‍ അവനും ഇഷ്ടമായി. തട്ടത്തിന്‍ മറയത്തില്‍ വിനീതിന്റെ കഥാപാത്രം അയിഷയെ പ്രൊപ്പോസ് ചെയ്യുന്ന ഒരു സീനുണ്ട്. ഒറ്റ ടേക്കിലാണ് അതെടുത്തത്. അന്ന് അവനില്‍ നിന്ന് എനിക്ക് കിട്ടിയ ഒരു അഡ്രിനാലിനുണ്ട്. അതേ ഫീലായിരുന്നു അവന്റെ മകന്‍ ഇവന്റെ മകന്‍ എന്ന ഡയലോഗ് നിവിന്‍ പറഞ്ഞപ്പോഴും എനിക്ക് കിട്ടിയത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് നിന്നില്‍ നിന്നും അങ്ങനെയൊരു സാധനം കിട്ടുന്നതെന്ന് ഞാന്‍ അവനോട് പറയുകയും ചെയ്തു,’ വിനീത് പറയുന്നു.

Content Highlight: Vineeth Sreenivasan about Nivin Question on Nepotism