മലയാളത്തിൽ ഏറെ ആരാധകരുള്ള ആക്ടർ ഡയറക്ടർ കോമ്പോയാണ് നിവിൻ പോളി – വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെയും നിവിൻ പോളിയുടെയും ആദ്യ സിനിമയായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ്. ശേഷമിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം വലിയ വിജയമായതോടെ ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിപ്പായി.
എട്ടുവർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന സിനിമയിൽ അതിഥി വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. ചിത്രത്തിൽ നിവിൻ പോളിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിനീത്.
നിവിന്റെ കഥാപാത്രത്തെ പറ്റി താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും എന്നാൽ അവനെ ഈ സിനിമയിൽ തനിക്ക് ഫുൾ ഫോമിൽ കിട്ടിയിട്ടുണ്ടെന്നും വിനീത് പറഞ്ഞു. ആദ്യം സിനിമയുടെ സബ്ജക്ട് പറഞ്ഞപ്പോൾ നിവിന് ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഡൗട്ട് ഉണ്ടായിരുന്നെന്നും വിനീത് പറയുന്നുണ്ട്. എന്നാൽ സെറ്റിൽ വന്നിട്ട് നിവിൻ ആദ്യ സീൻ തൊട്ട് നന്നായിട്ട് എൻജോയ് ചെയ്തിട്ടാണ് ചെയ്തതെന്നും വിനീത് കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് ശേഷം സിനിമയുടെ വിശേഷങ്ങൾ കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നിവിന്റെ കഥാപാത്രത്തിനെ പറ്റി ഞാൻ ഡീറ്റൈൽഡ് ആയിട്ട് ഒന്നും പറയുന്നില്ല. എനിക്ക് നിവിനെ ഫുൾ ഫോമിൽ കിട്ടിയിട്ടുണ്ട്. ഞാൻ ആദ്യം ചെന്ന് അവനോട് സബ്ജക്ട് പറയുന്ന സമയത്ത് ഒരു ചെറിയ ഡൗട്ട് അവന് ഉണ്ടായിരുന്നു. ഇതെങ്ങനെയായിരിക്കും എന്നും എങ്ങനെ കൈകാര്യം ചെയ്യണം എന്നൊരു ഡൗട്ട് ഉണ്ടായിരുന്നു.
എന്നാൽ സെറ്റിൽ വന്ന് കഴിഞ്ഞിട്ട് ചെയ്തു തുടങ്ങിയപ്പോൾ ഫസ്റ്റ് സീൻ തൊട്ട് ഭയങ്കരമായിട്ട് എൻജോയ് ചെയ്യാൻ തുടങ്ങി. കോസ്റ്റ്യൂം ഇട്ടപ്പോൾ തന്നെ അവന് സംഗതി കിട്ടി എന്ന് എനിക്ക് തോന്നി. സെറ്റിൽ വന്നു ചെയ്യുന്ന സമയത്താണ് അവൻ ഓരോന്നും എൻജോയ് ചെയ്തിട്ടാണ് ചെയ്തത്. ഡബ്ബ് ചെയ്യുന്ന സമയത്ത് കുറച്ചുകൂടി എൻഹാൻസ് ചെയ്തു,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
Content Highlight: Vineeth sreenivasan about nivin pauly’s character in varshangalkku shesham