ഹിറ്റ്‌ലറിന്റെ ഫോട്ടോ ഇട്ട് ഗുഡ്‌മോണിങ് എന്നൊരു പോസ്റ്റിട്ടു; അരമണിക്കൂര്‍ കഴിഞ്ഞില്ല ഫേസ്ബുക്ക് അത് എടുത്തുകളഞ്ഞു: മുകുന്ദന്‍ ഉണ്ണി പ്രൊമോഷനെ കുറിച്ച് വിനീത്
വളരെ വ്യത്യസ്തമായ ഒരു പ്രൊമോഷന്‍ രീതിയിലൂടെ സോഷ്യല്‍മീഡിയയുടെ അറ്റന്‍ഷന്‍ മൊത്തത്തില്‍ പിടിച്ചെടുക്കാന്‍ സാധിച്ച ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്.
മുകുന്ദന്‍ ഉണ്ണി എന്ന പേരില്‍ ഒരു പ്രൊഫൈലുണ്ടാക്കിയായിരുന്നു വ്യത്യസ്തമാര്‍ന്ന ചില പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് തന്നെയായിരുന്നു ഈ പോസ്റ്റുകളെല്ലാം ഷെയര്‍ ചെയ്തിരുന്നത്.
പ്രൊമോഷന്റെ ഭാഗമായി ഇട്ട ഒരു പോസ്റ്റ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതിനെ കുറിച്ച് പറയുകയാണ് വിനീത്. ഹിറ്റ്‌ലറിന്റെ ഫോട്ടോ വെച്ച് ഗുഡ്‌മോണിങ് എന്ന് പറഞ്ഞ് ഇട്ട പോസ്റ്റിനെ കുറിച്ചാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് സംസാരിക്കുന്നത്.
വാട്‌സ് ആപ്പിലൊക്കെ നമുക്ക് ചിലരുടെ ഗുഡ്‌മോണിങ് വരുമല്ലോ, അതുപോലെ നമ്മള്‍ ഹിറ്റ്‌ലറിന്റെ ഒരു ഫോട്ടോ ഇട്ട് ഗുഡ്‌മോണിങ് എന്ന് ക്യാപ്ഷനുമിട്ട് ഒരു പോസ്റ്റ് ഷെയര്‍ ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് ആ പോസ്റ്റ് ഫേസ്ബുക്ക് എടുത്തുകളഞ്ഞെന്ന് വിനീത് പറഞ്ഞപ്പോള്‍ ഫേസ്ബുക്ക് മാത്രമല്ല ഇന്‍സ്റ്റഗ്രാമും പോസ്റ്റ് എടുത്തുകളഞ്ഞെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
‘തിയേറ്ററിലേക്ക് ആളുകളെ എത്തിക്കുക എന്ന് പറയുന്നത് ഇന്ന് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആളുകളുടെ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു പ്രൊമോഷന്‍ രീതിയിലേക്ക് പോയതെന്നും അഭിനവ് പറയുന്നു.
ഇന്‍സ്റ്റഗ്രാമിലായിരുന്നു ആദ്യം പോസ്റ്റിട്ടതെന്നും പിന്നീട് അത് ക്ലിക്കായപ്പോള്‍ ഫേസ്ബുക്കില്‍ കൂടി ഇടാന്‍ വിനീത് ശ്രീനിവാസനാണ് പറഞ്ഞതെന്നും അഭി പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനത്തെ ഹ്യൂമറൊക്കെ വര്‍ക്കാവും. പക്ഷേ ഫേസ്ബുക്കില്‍ കുറച്ച് പ്രായമായ ആളുകളൊക്കെയാണല്ലോ ഉണ്ടാവുക. ഇത് വര്‍ക്കാവുമോ എന്ന് സംശയമുണ്ടായിരുന്നു. അത് കുഴപ്പമില്ലെന്നും ഫേസ്ബുക്ക് ആവുമ്പോഴാണ് കുറച്ച് കൂടി റീച്ച് കിട്ടുകയെന്നും വിനീതേട്ടന്‍ പറഞ്ഞു.
അങ്ങനെയാണ് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തത്. അടുത്തിടെ ആ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിന് അത് ഒഫന്‍സീവായി തോന്നിയിട്ടുണ്ടാകും. ഒരുപക്ഷേ അവരുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരായിക്കും. അല്ലെങ്കില്‍ മാസ്സ് റിപ്പോര്‍ട്ടിങ് ആയിരിക്കും. മാസ് റിപ്പോര്‍ട്ടിങ് ചെയ്യാന്‍ അത്രമാത്രം ഹേറ്റേഴ്‌സ് ഉണ്ടോ എന്നറിയില്ല. കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് തെറ്റിച്ചതുകൊണ്ടാവും, അഭിനവ് പറഞ്ഞു.
Content Highlight: Vineeth Sreenivasan about Mukundan Unni Assoviate Promotion Techniques