കൊച്ചി: ജൂഡ് ആന്തണി ജോസഫ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീതിന്റെ രസകരമായ മറുപടി.
‘ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വരുന്ന കമന്റ്‌സ് ഒക്കെ ഞങ്ങള്‍ ഇരുന്ന് വായിക്കും(ചിരിക്കുന്നു). അവന്‍ പാവമാണ്. പക്ഷെ പുള്ളി ഭയങ്കര ഹോട്ട് ബ്ലഡഡ് ആണ്. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ്.
അവനെ നേരിട്ടറിയുന്ന ആള്‍ക്കാര്‍ക്ക് അറിയാം. ഒരു സാധുമനുഷ്യനാണ്. എനിക്ക് ഏറ്റവും രസം തോന്നിയത് എന്തോ ഒന്ന് ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
അതിന് താഴെ ഒരാളിട്ട കമന്റായിരുന്നു നീ തീര്‍ന്നെടാ നീ തീര്‍ന്ന് എന്ന്. ഞങ്ങളെല്ലാവരും വായിച്ച് ചിരിക്കുവായിരുന്നു. അവനും അറിയാം അത്. പിന്നീട് ബേസില്‍ ഇതേ ഡയലോഗ് ഗോദ സിനിമയില്‍ ടൊവിനോയെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്,’ വിനീത് പറഞ്ഞു.
അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തിയ സാറാസ് ആണ് ജൂഡ് ആന്തണിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയത്തെ വിമര്‍ശിച്ചും സ്വീകരിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
മല്ലിക സുകുമാരന്‍, ബെന്നി പി. നായരമ്പലം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.
ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.
ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.
ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.