നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജേക്കബിന്റെ സ്വർഗ്ഗ രാജ്യം. രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ഫാമിലി ഡ്രാമയായിരുന്നു. ഷാൻ റഹ്മാൻ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ തനിക്കേറ്റവും മോട്ടിവേഷൻ നൽകിയ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഗായകൻ ജോബ് കുര്യൻ ഒരുക്കിയ പദയാത്ര എന്ന ഗാനം ആ സമയത്ത് താൻ ഒരുപാട് കേട്ടിരുന്നുവെന്നും ഡൗണാവുന്ന സമയത്ത് ആ ഗാനമായിരുന്നു കേട്ടിരുന്നതെന്നും വിനീത് പറഞ്ഞു. എന്നാൽ ജോബിനെ ഒരു സിനിമയിലേക്ക് പാട്ട് ചെയ്യാൻ വിളിച്ചിട്ടും അവൻ തയ്യാറായില്ലെന്നും വിനീത് പറഞ്ഞു.
‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ എനിക്ക് ഏറ്റവും വലിയ മോട്ടിവേഷന്‍ തന്ന പാട്ടുകളില്‍ ഒന്നായിരുന്നു പദയാത്ര. ആ പാട്ട് ഞാന്‍ ലൂപ്പിലിട്ട് പ്ലേ ചെയ്തതിന് കണക്കില്ല. ഞാന്‍ എന്ന എഴുത്തുക്കാരന്‍ ഡൗണാവുന്ന സമയത്ത് പദയാത്ര കേട്ടായിരുന്നു ബാക്കി എഴുതിയിരുന്നത്.
അന്ന് ജോബിന്റെ കൂടെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ചതായിരുന്നു. ഈ കാര്യം ജോബിനോട് പറയുകയും ചെയ്തു. ജോബേ, എന്റെ സിനിമയില്‍ നീ മ്യൂസിക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ട് എന്ന്. അടുത്ത സിനിമയില്‍ തന്നെ വേണമെന്നല്ല. എന്നെങ്കിലും ഒരു കാലത്ത് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.
അവന്‍ ചെയ്തുവെച്ച ഏതെങ്കിലും പാട്ട് എന്റെ സിനിമയില്‍ എടുക്കുന്നതില്‍ കുഴപ്പമില്ല, സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്യാന്‍ പ്രയാസമാണ് എന്നായിരുന്നു അവന്റെ മറുപടി. എനിക്ക് അന്ന് ഒരു കാര്യം മനസിലായി, അവന്റെ ഏറ്റവും വലിയ കംഫര്‍ട്ട് സോണ്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കാണ്. അതിന് ശേഷം ഞാന്‍ അവനോട് ഈ കാര്യം പറയാന്‍ പോയിട്ടില്ല,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
മലയാളത്തിൽ അറിയപ്പെടുന്ന ഒരു സ്വതന്ത്ര സംഗീതാജ്ഞനാണ് ജോബ് കുര്യൻ. ഉറുമി, ഇടുക്കി ഗോൾഡ്, സപ്ത്മാ ശ്രീ തസ്കരാ തുടങ്ങിയ സിനിമകളിലെല്ലാം പാടിയിട്ടുള്ള ജോബ് കാലം, മുല്ല തുടങ്ങിയ തന്റെ പാട്ടുകളിലൂടെ സംഗീത ലോകത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.
Content Highlight: Vineeth Sreenivasan About Job Kuryan