Entertainment
ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 27, 04:38 am
Monday, 27th March 2023, 10:08 am

ഇന്നസെന്റിനെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രാനിവാസന്‍. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ് ഇന്നസെന്റെന്ന് വിനീത് പറഞ്ഞു.

അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്നും ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിനീത് പറഞ്ഞു.

‘എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓര്‍മകളുണ്ട്. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്.

എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്,’ വിനീത് കുറിച്ചു.

ഇന്നസെന്റിന്റെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനവുമായി എത്തിയത്. എന്ത് കാര്യത്തിനും കൂടെ നിന്ന നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്നുമാണ് മോഹന്‍ലാല്‍ കുറിച്ചത്.

Content Highlight: vineeth sreenivasan about innocent