കൊവിഡിന് ശേഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമയ്ക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡും നേടിയിരുന്നു.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്. എന്നാൽ ഒ.ടി.ടി റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമായിരുന്നു ഹൃദയം നേടിയത്. ചിത്രത്തിലെ പല സീനുകളും ക്രിഞ്ചാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടിരുന്നു.
ഹൃദയം റിലീസാവുന്നതിന് മുമ്പ് സിനിമ ഒരു തെലുങ്ക് പ്രൊഡ്യൂസർ കണ്ടിരുന്നുവെന്നും എന്നാൽ അദ്ദേഹം സിനിമ വർക്കാവില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും വിനീത് പറയുന്നു. അദ്ദേഹത്തിന്റെ വാക്ക് കേട്ട് ഒരു സീൻ കട്ട് ചെയ്യാൻ തീരുമാനിച്ചെന്നും എന്നാൽ പിന്നീടത് വേണ്ടെന്ന് വെച്ചെന്നും വിനീത് കൂട്ടിച്ചേർത്തു.
‘ഓരോ ചിത്രങ്ങളും പേടിച്ചിട്ടാണ് റിലീസ് ചെയ്യുന്നത്. സത്യത്തില്‍ ഓരോ തവണയും നെഞ്ചിടിപ്പാണ് എനിക്ക്. ഹൃദയം റിലീസാകുന്നതിന് മുമ്പ് അതിലെ പാട്ടുകള്‍ കേട്ടിട്ട് ഒരു തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ അതിന്റെ റൈറ്റ്‌സ് വാങ്ങാന്‍ വന്നിരുന്നു. അയാളെ ഞാന്‍ എന്റെ വീട്ടില്‍ വെച്ചാണ് സിനിമ കാണിച്ചുകൊടുത്തത്.
എന്നാല്‍ സിനിമ കണ്ടിട്ട് അദ്ദേഹം ‘സിനിമയില്‍ ഒരുപാട് ഇമോഷണല്‍ മൊമന്റുകളുണ്ട്. പക്ഷെ അത് തിയേറ്ററില്‍ വര്‍ക്കാവുമെന്ന് തോന്നുന്നില്ല’ എന്ന് പറഞ്ഞു. ആ സമയം ‘പടച്ചോനെ പടം രണ്ടുമണിക്കൂറും 53 മിനിട്ടുമുണ്ട്, ഇനിയെന്ത് ചെയ്യും എന്ന് ഞാന്‍ വിചാരിച്ചു.
ഞാന്‍ അപ്പോള്‍ തന്നെ എഡിറ്റര്‍ രഞ്ജന്‍ ചേട്ടനെ വിളിച്ചു. എന്നിട്ട് സിനിമയില്‍ നിന്ന് എന്തെങ്കിലും കട്ട് ചെയ്യാനുണ്ടോ എന്ന് ചോദിച്ചു. ഒരു സീന്‍ ഏറെക്കുറെ കട്ട് ചെയ്‌തേക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ചേട്ടന്‍ എല്ലാവരെയും വിളിച്ചു ചോദിച്ച് കട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.
കട്ട് ചെയ്യുന്ന തീരുമാനം അടുത്ത ദിവസമെടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞുറപ്പിച്ചു. അപ്പോള്‍ സിനിമ റിലീസ് ചെയ്യാന്‍ നാലഞ്ചുദിവസം മാത്രമാണുള്ളത്. അന്ന് രാത്രി ഞാന്‍ വീണ്ടും രഞ്ജന്‍ ചേട്ടനെ വിളിച്ചു, ചേട്ടാ അത് കട്ട് ചെയ്യണോ എന്ന് ചോദിച്ചു. അപ്പോള്‍ പുള്ളി പറഞ്ഞു ഞാനും അത് തന്നെയാണ് ആലോചിക്കുന്നത് എന്ന്.
ഇത്രയും നാള്‍ അത് കട്ട് ചെയ്യാന്‍ നമുക്ക് തോന്നിയില്ലല്ലോ ഇത് ചിലപ്പോള്‍ നമ്മള്‍ പേടിക്കുന്നതാകുമെന്ന് അദ്ദേഹം പറഞ്ഞു. രാത്രി എന്തായാലും തീരുമാനമെടുക്കണ്ട രാവിലെ ആകട്ടേയെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. രാത്രിയില്‍ ഞാന്‍ തീരുമാനങ്ങളൊന്നും എടുക്കാറില്ല. എന്നാല്‍ രാവിലെ അത് കട്ട് ചെയ്യേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Vineeth Sreenivasan About Hridhayam Movie Release