കഴിഞ്ഞ പത്ത് വര്‍ഷമായി എന്റെ സിനിമകളില്‍ ധ്യാനിനെ അഭിനയിപ്പിച്ചിട്ടില്ല: വിനീത് ശ്രീനിവാസന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് വിനീത് ശ്രീനിവാസന്‍. ഹൃദയം എന്ന ചിത്രത്തിന് ശേഷം വീണ്ടും സംവിധായകനായി എത്തുകയാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലൂടെ വിനീത്.
പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി, ബേസില്‍ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസനും ഒരു വേഷം ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷമാണ് വിനീതിന്റെ ഒരു സിനിമയില്‍ ധ്യാന്‍ ഒരു വേഷം ചെയ്യുന്നത്. തന്റെ പുതിയ സിനിമയില്‍ ധ്യാനിന് ഒരു വേഷം നല്‍കിയതിനെ പറ്റിയും പുതിയ ചിത്രത്തിന്റെ പ്രതീക്ഷകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിനീത്.
താന്‍ അഭിനയിച്ച എത്ര സിനിമകള്‍ മോശമായാലും തന്നെ രക്ഷിക്കാന്‍ ചേട്ടനുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഒരു സിനിമ ചെയ്താല്‍ തന്നെ തനിക്ക് കരിയറില്‍ ഹൈപ്പ് കിട്ടുമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.
‘ അവനിതൊന്നും ആലോചിച്ചു പറയുന്നതല്ല, അവന്‍ അപ്പോള്‍ തോന്നുന്നത് അപ്പോള്‍ പറയുകയാണ് അത്രേയുള്ളു അതില്‍ കൂടുതല്‍ അവന്‍ പറയുന്ന കാര്യങ്ങള്‍ എടുക്കേണ്ടതില്ല ‘ എന്നായിരുന്നു താരത്തിന്റെ മറുപടി. കുറുക്കന്‍ സിനിമയുടെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ധ്യാനിനെ വെച്ച് ഞാന്‍ പടം ചെയ്തിട്ടില്ല. ഇത് ധ്യാന്‍ ചെയ്താല്‍ കറക്റ്റ് ആണെന്നതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. അല്ലാതെ അവന്‍ എന്റെ അനിയന്‍ ആയതുകൊണ്ടല്ല,’ താരം പറഞ്ഞു.
സിനിമയുടെ തിരക്കഥ അപ്പുവിനോടും മറ്റ് താരങ്ങളോടും പറഞ്ഞതാണെന്നും ധ്യാനിനോട് കഥയുടെ ഏകദേശം രൂപം പറഞ്ഞിട്ടുണ്ടെങ്കിലും തിരക്കഥ മുഴുവനായി പറഞ്ഞുകൊടുത്തിട്ടില്ലെന്നും വിനീത് പറഞ്ഞു.
മെരിലാന്‍ഡ് ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മിക്കുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍ ,നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി തുടങ്ങി യുവനിരയിലെ താരനിരകളാണ് അണിനിരക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയുടെ കൈപ്പടയിലാണ് പടത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. ഹൃദയം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലും ദിവ്യയുടെ കൈപ്പടയിലുള്ള പോസ്റ്ററുകളാണ് ഉപയോഗിച്ചത്.
വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിന് ഇത് വരെ ഒരു ഡിസൈനിങ് ടീമിനെ സമീപിച്ചിട്ടില്ലന്ന് വിനീത് പറഞ്ഞു. സിനിമകള്‍ക്ക് വലിയ ഹൈപ്പ് കിട്ടുന്നതില്‍ തനിക്ക് പേടിയുണ്ടെന്ന് താരം പറഞ്ഞു.
Content Highlight: Vineeth Sreenivasan about his new movie and dhyan sreenivasan