മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ വിനീത് ശ്രീനിവാസന് പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ചെന്നൈ. പുതിയ സിനിമയായ ‘ഹൃദയ’ത്തിലും വിനീതിന് ചെന്നൈയോടുള്ള സ്‌നേഹം തെളിഞ്ഞുകാണാം. അദ്ദേഹത്തിന്റെ പല അനുഭവങ്ങളും ഉള്‍കൊള്ളിച്ചായിരിക്കണം ഹൃദയം എഴുതിയത്. വിനീത് ശ്രീനിവാസന് ചെന്നൈയോടുള്ള സ്‌നേഹം കൂടിയാണ് ഹൃദയം.
തമിഴ്‌നാട്ടിലെ ചെന്നൈയും കുഭംകോണവും തനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണെന്നും ഒരു എയര്‍പോര്‍ട്ടും സ്‌കൂളും വന്നാല്‍ കുംഭകോണത്തിലേക്ക് താന്‍ താമസം മാറ്റുമെന്നും വിനീത് പറയുന്നു. ഫിലിം കംപാനിയിന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീതിന്റെ പരാമര്‍ശങ്ങള്‍.
‘ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് ചെന്നൈ. ചെന്നൈ കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കുംഭകോണമാണ്. എന്റെ രണ്ട് സിനിമകള്‍ കുംഭകോണത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. ‘ഒരു വടക്കന്‍ സെല്‍ഫി’യും ‘അരവിന്ദന്റെ അതിഥി’കളും. ഒരു എയര്‍പോര്‍ട്ടും നല്ല കുറച്ച് സ്‌കൂളുകളും ഉണ്ടെങ്കില്‍ ഞാന്‍ കുംഭകോണത്തേക്ക് താമസം മാറ്റും,’ വിനീത് പറഞ്ഞു.
‘2000 ത്തിലാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ആ സിറ്റി എനിക്ക് മാജിക്കാണ്. കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് ‘ആ കുഴപ്പമില്ല’ എന്ന് പറയും. ജീവിതം നല്ല രിതിയില്‍ മുന്നോട്ട് പോകുമെങ്കിലും അതേ പറയൂ. അതേ സമയം ചെന്നൈയിലെ ഒരു ചായക്കടയില്‍ പോയി ഇതേ ചോദ്യം ചോദിച്ചാല്‍ ‘സൂപ്പറാ പോയിട്ടിറ്‌ക്കേ’ എന്ന പറയും. അതാണ് അവരുടെ മനോഭാവം. അവിടുത്തെ ജനങ്ങളുടെ ഒരു പോസിറ്റിവിറ്റി ആണത്,’ വിനീത് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹൃദയം ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആളുകള്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാനാണ് ഹൃദയം എന്ന പേരിട്ടതെന്നാണ് വിനീത് പറഞ്ഞത്.
മൂന്ന് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ത്രികോണപ്രണയമല്ലെന്നും ‘അരുണ്‍ നീലകണ്ഠന്‍’ എന്ന കേന്ദ്രകഥാപാത്രത്തിന്റെ 18 വയസ് മുതല്‍ 30 വയസുവരെയുള്ള ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും വിനീത് വിനീത് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ വിശകലനാത്മകമായി കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട ചിത്രമാണ് ഇതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലും ഹൃദയം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുകയായിരുന്നു. വിദേശ രാജ്യങ്ങളിലും ചിത്രം വലിയ വിജയമാണ് നേടിയത്.
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണവ്, കല്യാണി, ദര്‍ശന എന്നിവരുടെ പ്രകടനങ്ങള്‍ മികച്ച അഭിപ്രായം നേടിയിരുന്നു.
Content Highlight: vineeth sreenivasan about his love for chennai