മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പമായമണിഞ്ഞയാളാണ് വിനീത് ശ്രീനിവാസന്‍. ഗായകനായും അഭിനേതാവായും സിനിമയില്‍ സജീവമാണ് വിനീത്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയം എന്ന ചിത്രമാണ് വിനീതിന്റേതായി പുറത്തിറങ്ങാനുള്ളത്. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ ഒരു സ്‌ക്രിപ്റ്റ് താന്‍ എഴുതിയെന്നും എന്നാല്‍ ആ സ്‌ക്രിപ്റ്റ് തന്റെ അച്ഛന് പോലും ഇഷ്ടപ്പെട്ടില്ലെന്നും പറയുകയാണ് വിനീത്. ആദ്യമായി താന്‍ ആ കഥ പറഞ്ഞത് ദുല്‍ഖറിനോടായിരുന്നെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
സിനിമയില്‍ ആദ്യമായി ഞാന്‍ കഥ പറഞ്ഞത് ദുല്‍ഖറിനോടായിരുന്നു. പ്രണവിനേക്കാള്‍ എനിക്ക് അടുപ്പമുണ്ടായിരുന്നത് ദുല്‍ഖറുമായിട്ടാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് മുന്‍പേ ഞാന്‍ എഴുതിയ തിരക്കഥ ആദ്യം ദുല്‍ഖറിനോടാണ് പറഞ്ഞത്. ദുല്‍ഖര്‍ അഭിനയിച്ചു തുടങ്ങുന്നതിനും മുന്‍പായിരുന്നു അത്. ദുല്‍ഖറിന് സിനിമയില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞിട്ടാണ് സമീപിച്ചത്. കഥയുടെ ഫസ്റ്റ് ഹാഫ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫ് ഇഷ്ടപ്പെട്ടില്ല. അച്ഛന്‍ വായിച്ചിട്ട് ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും ഇഷ്ടപ്പെട്ടില്ല. യഥാര്‍ത്ഥത്തില്‍ എന്റെ ആ സ്‌ക്രിപ്റ്റ് കൊള്ളിലായിരുന്നു (ചിരി). അങ്ങനെ അത് മടക്കിവെച്ചു. പിന്നീടാണ് മലര്‍വാടി എഴുതുന്നത്,” ദുല്‍ഖര്‍ പറഞ്ഞു.
ഹൃദയമെന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പ്രണവുമായി സൗഹൃദത്തിലാകുന്നതെന്നും പ്രണവിനെ കുട്ടിക്കാലത്ത് ചില ഫങ്ഷനുകളിലൊക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ലെന്നും വിനീത് പറഞ്ഞു. എന്നാല്‍ കല്യാണിയെ കുട്ടിക്കാലത്തേ തനിക്ക് പരിചയമുണ്ടായിരുന്നെന്നും വിനീത് പറഞ്ഞു.
കല്യാണിയെ കുട്ടിക്കാലം തൊട്ടേ അറിയാം. പ്രിയനങ്കിള്‍ പണ്ട് ചെന്നൈയിലെ ഹഡോസ് റോഡിലുള്ള വന്ദന ടവേഴ്‌സ് എന്ന ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സമയത്ത് അച്ഛനും അതേ ബില്‍ഡിങ്ങില്‍ ഒരു ഫ്‌ളാറ്റുണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ കല്യാണിയെ കുറേ പ്രാവശ്യം കണ്ടിട്ടുണ്ട്. അവള്‍ കുട്ടിയായിരുന്നപ്പോള്‍ എടുത്തുനടന്നിട്ടുമുണ്ട്, വിനീത് പറഞ്ഞു.