തമിഴ് ഹീറോസെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ട ആവശ്യമില്ല: വിനീത് ശ്രീനിവാസന്‍
Film News
തമിഴ് ഹീറോസെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ട ആവശ്യമില്ല: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th February 2022, 3:52 pm

ഗായകനായി സിനിമാ മേഖലയിലേക്കെത്തി പിന്നീട് അഭിനയത്തിലും സംവിധാനത്തിലുമൊക്കെ പ്രതിഭ തെളിയിച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍.

2009 ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെയാണ് വിനീത് അഭിനയത്തിലേക്ക് കടക്കുന്നത്. അതിനു മുമ്പേ ഗായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു.

സംവിധാന മേഖലയിലും കഴിവ് തെളിയിച്ച വിനീതിന്റെ ‘ഹൃദയം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ നല്ലൊരു ശതമാനവും ചെന്നൈയിലാണ് ചിത്രീകരിച്ചത്. പഠനകാലം ചെന്നൈയില്‍ ചെലവഴിച്ച വിനീതിന് തമിഴ് സിനിമകളും വളരെ ഇഷ്ടമാണ്.

എന്നാല്‍ ഭാഗ്യരാജ് പണ്ട് ചെയ്തതുപോലെയുള്ള കുടുംബസിനിമകള്‍ ഇപ്പോള്‍ തമിഴില്‍ കാണാറില്ലെന്നും, തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ടന്നും വിനീത് പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘തമിഴില്‍ നിന്നുള്ള കുടുംബ സിനിമകള്‍ മിസ് ചെയ്യുന്നുണ്ട്. ഭാഗ്യരാജ് സാര്‍ ഒരു കാലത്ത് ചെയ്ത സിനിമകള്‍ വളരെ ഇഷ്ടമാണ്. അതുപോലുള്ള സിനിമകള്‍ ഇപ്പോഴുള്ള നടന്മാര്‍ എന്തുകൊണ്ടാണ് ചെയ്യാത്തത്?. ഇപ്പോഴുള്ള നടന്മാര്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ട്. തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ട എന്ന് തോന്നിയിട്ടുണ്ട്.

പാര്‍ത്ഥിപന്‍ വടിവേലു കോമ്പിനേഷനില്‍ വന്ന സിനിമകള്‍, സന്താനം സാറിന്റെ സിനിമകളെല്ലാം വളരെ ഇഷ്ടമാണ്. തമിഴര്‍ക്ക് മാത്രമേ അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റൂ. അത് തമിഴ് സെന്‍സ് ഓഫ് ഹ്യൂമറാണ്. മലയാളികളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ എന്ന് പറഞ്ഞാല് വേറൊരു രീതിയിലാണ്. അതും ആളുകള്‍ക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനമകള്‍ വന്നാല്‍ നന്നായിരിക്കും,’ വിനീത് പറഞ്ഞു.

‘2000 മുതല്‍ 2010 വരെ വന്ന തമിഴ് സിനിമകള്‍ നന്നായി സ്വാധിനിച്ചിട്ടുണ്ട്. ‘സുബ്രഹ്മണ്യപുരം’, ‘നാടോടികള്‍’, ‘ചെന്നൈ 28’ ഈ സിനിമകള്‍ ഒരുപാട് സ്വീധിനിച്ചിട്ടുണ്ട്. അതില്‍ അഭിനയിക്കുന്ന ആരേയും നമുക്ക് അറിയില്ല. പക്ഷേ ഒരു ജനകൂട്ടം മുഴുവന്‍ ആ സിനിമകള്‍ ആവേശത്തോടെ കണ്ടിരുന്നിട്ടുണ്ട്.

സരോജ എന്ന സിനിമ കണ്ടിട്ട് മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ നടക്കുന്നില്ലല്ലോ എന്ന് വിചാരിച്ചു. പുതുമുഖങ്ങളെ വെച്ച് നമ്മുടെ നാട്ടിലും ഒരു സിനിമ ചെയ്യാമല്ലോ. ആ ചര്‍ച്ചയില്‍ നിന്നുമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് സംഭവിക്കുന്നത്,’ വിനീത് കൂട്ടിച്ചേര്‍ത്തു.


Content Highlight: vineeth sreenivasan about his favourite tamil movies