| Sunday, 30th January 2022, 12:21 pm

ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടിവരുന്ന സിനിമ; അച്ഛന്റെ ചിത്രത്തെ പറ്റി വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് ഒരു പോലെ ഇഷ്ടപ്പെട്ട സംവിധായകരാണ് ശ്രീനിവാസനും മകന്‍ വിനീതും. സംവിധാനത്തിന് പുറമേ സിനിമയുടെ മറ്റ് പല മേഖലകളിലും ഇരുവരും കൈവെച്ചിട്ടുമുണ്ട്.

ഇരുവരും ചെയ്ത സിനിമകളുടെ രീതിയില്‍ വ്യത്യാസവുമുണ്ട്. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെ ശ്രീനിവാസന്‍ സിനിമയിലൂടെ ആവിഷ്‌കരിച്ചപ്പോള്‍ പ്രണയത്തിനും, സൗഹൃദത്തിനും, കുടുംബത്തിനും പ്രധാന്യം നല്‍കുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്യുന്നതും എഴുതുന്നതും.

അച്ഛനും അച്ഛന്റെ സിനിമകളും തന്നെ ഏറെ സ്വാധീനിച്ചിരുന്നു എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ചെറുപ്പത്തില്‍ അച്ഛനൊപ്പം തിയേറ്ററില്‍ പോയി കണ്ടതില്‍ ഏറ്റവുമിഷ്ടപ്പെട്ട സിനിമ ‘തേന്മാവിന്‍ കൊമ്പത്താ’യിരുന്നു എന്നും എന്നാല്‍, ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടിവരുന്ന സിനിമ ‘സന്ദേശ’മാണെന്നും വിനീത് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു വിനീതിന്റെ പ്രതികരണം.

‘ചെറുപ്പത്തില്‍ അച്ഛനൊപ്പം തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നു. തിയേറ്ററില്‍ കണ്ട സിനിമകളില്‍ അന്ന് ഏറെ ഇഷ്ടപ്പെട്ടത് ‘തേന്മാവിന്‍ കൊമ്പത്താ’ണ്. എന്നാല്‍, നമ്മള്‍ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടിവരുന്ന സിനിമ ‘സന്ദേശ’മാണ്.

രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനെക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണശൈലിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിനുശേഷം മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും സന്ദേശം കാലികപ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു,’ വിനീത് പറഞ്ഞു.

‘ചിന്താവിഷ്ടയായ ശ്യാമള’, ‘മറവത്തൂര്‍ കനവ്’ എന്നീ സിനിമകളെല്ലാം രൂപപ്പെടുന്നതിനുമുമ്പേ അതിന്റെ ആശയങ്ങള്‍ അച്ഛന്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുന്നത് ഞാന്‍ കേട്ടിരുന്നു. ഇത്തരത്തിലൊരു അന്തരീക്ഷം വീട്ടില്‍ എപ്പോഴുമുണ്ടായിരുന്നു.

അതുപോലെ മികച്ച വിദേശസിനിമകളുടെ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. ഒരു മുറിയില്‍ അച്ഛന്റെ വലിയ പുസ്തകശേഖരവുമുണ്ട്. അച്ഛനില്ലാത്ത സമയത്ത് ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യും,’ വിനീത് കൂട്ടിച്ചേര്‍ത്തു.

എഴുത്തില്‍ അച്ഛന്‍ കൊണ്ടുവന്ന പുതുമ തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടതെന്നും സര്‍ക്കാസ്റ്റിക് ആയ രീതിയില്‍ വളരെ ആഴത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ടെന്നും വിനീത് പറഞ്ഞു. ‘എനിക്കിഷ്ടപ്പെട്ടിട്ടുള്ള അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്.

നമുക്കുചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളില്‍ കാണാനാകും. ഒപ്പം അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം,’ വിനീത് പറഞ്ഞു.

അതേസമയം നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.


Content Highlight: vineeth sreenivasan about his father sreenivasan

Latest Stories

We use cookies to give you the best possible experience. Learn more