| Tuesday, 2nd April 2024, 1:34 pm

കഥ പോലും കേള്‍ക്കാതെ ഞാന്‍ അഭിനയിച്ച സിനിമയായിരുന്നു അത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകന്‍, നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് വിനീത് ശ്രീനിവാസന്‍. അഭിനയത്തിലെ അനായാസത കൊണ്ട് സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറാനും വിനീതിന് സാധിച്ചു. പോയ വര്‍ഷം താരം അഭിനയിച്ച സിനിമകളായിരുന്നു തങ്കവും, 2018ഉം. തങ്കത്തിലെ പ്രകടനം എല്ലാവരുടെയും പ്രശംസ നേടിയപ്പോള്‍ 2018ല്‍ ചെറിയൊരു വേഷത്തിലായിരുന്നു താരം എത്തിയത്.

2018 എന്ന സിനിമയുടെ കഥ പോലും കേള്‍ക്കാതെയാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്ന് വിനീത് പറഞ്ഞു. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നല്‍കിയ പ്രൊമോഷനിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘2018ലെ എന്റെ റോള്‍ വളരെ ചെറുതായിരുന്നു. ആ സിനിമയിലേക്ക് എന്നെ ജൂഡ് വിളിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ അഭിനയിച്ചത്. അതിന്റെ കഥയെന്താണെന്നോ എന്റെ റോള്‍ എന്താണെന്നോ ഒന്നും ഞാന്‍ ചോദിച്ചിരുന്നില്ല. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ആദ്യത്തെ രണ്ട് സിനിമയിലും ജൂഡ് അസിസ്റ്റന്റായിരുന്നു.

അവന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയിലും ഞാന്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. അവനുമായുള്ള എന്റെ ബന്ധത്തിന്റെ പുറത്ത് ചെയ്ത സിനിമയായിരുന്നു അതും, 2018ഉം. അതുപോലെ തങ്കം സിനിമയില്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല. ശ്യാം പുഷ്‌കര്‍ പ്രത്യേകിച്ച് ഒരു റിഹേഴ്‌സലൊന്നും ചെയ്യിക്കാതെ നമ്മളെ അങ്ങ് പെര്‍ഫോം ചെയ്യാന്‍ വിട്ടതുകൊണ്ടാണ് ആ സിനിമയില്‍ അങ്ങനെ പെര്‍ഫോം ചെയ്യാന്‍ പറ്റിയത്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about his character in 2018 movie

We use cookies to give you the best possible experience. Learn more