Entertainment news
ഇയാള്‍ക്ക് പറ്റുമെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് ചെയ്താല്‍ എന്താ, എന്ന കോണ്‍ഫിഡന്‍സില്‍ നിന്നുമാണ് ബേസിലൊക്കെ സംവിധായകരായത്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 25, 09:03 am
Saturday, 25th February 2023, 2:33 pm

തന്റെ അസിസ്റ്റന്റായി വന്ന ബേസിലുള്‍പ്പടെയുള്ള ആളുകളെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. എല്ലാവരും കട്ട പണിയെടുക്കുന്നവരാണെന്നും ഒരു കാര്യം ചെയ്ത് തീര്‍ക്കാന്‍ എത്ര വര്‍ഷം വേണമെങ്കിലും അതിന്റെ പിന്നാലെ പോകാന്‍ തയാറാണെന്നും വിനീത് പറഞ്ഞു. ഇതൊക്കെ അവരുടെ ഗുണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയെ ഭയത്തോടെ സമീപിക്കുന്നവരല്ല തങ്ങളല്ലെന്നും മാറി നിന്ന് സിനിമയെ കാണാന്‍ ശ്രമിച്ചവരല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സിനിമ ചെയ്യാന്‍ സാധിച്ചെങ്കില്‍ പിന്നെ എല്ലാവര്‍ക്കും അതിന് കഴിയുമെന്ന തോന്നലായിരിക്കാം അവര്‍ക്കൊക്കെ സിനിമ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് നല്‍കിയതെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

‘എന്റെ അസിസ്റ്റന്റ്‌സായി വന്നിട്ടുള്ള എല്ലാവരും ഹാര്‍ഡ് വര്‍ക്കിങ്ങാണ്. നമ്മുടെ കൂട്ടത്തില്‍ നിന്നും വന്നിട്ടുള്ള എല്ലാവരും കട്ട പണിയെടുക്കുന്നവരാണ്. ബേസിയായാലും അഭിയായാലും ജൂഡായാലും അങ്ങനെ തന്നെയാണ്. ഒരു സാധനം വേണമെന്ന് വിചാരിച്ചാല്‍ അതിന്റെ പുറകെ വര്‍ഷങ്ങള്‍ നടന്നാണെങ്കിലും അത് ചെയ്തിരിക്കും. ഇവരുടെയൊക്കെ ഒരു ഗുണമാണത്.

സംവിധാനത്തെയും സിനിമയെയൊന്നും ഭയത്തോടെ സമീപിക്കുന്നില്ല എന്നതാണ് ഞങ്ങളുടെയൊക്കെ ഒരു പ്രത്യേകത. ഞങ്ങളാരും സിനിമയെ മാറി നിന്ന് സമീപിച്ചവരല്ല. അതായിരിക്കും എന്റെയടുത്ത് നിന്നും ഇവരൊക്കെ പഠിച്ച കാര്യം. ഇയാള്‍ക്കൊക്കെ ചെയ്യാമെങ്കില്‍ നമുക്കും ചെയ്യാമെന്ന കോണ്‍ഫിഡന്‍സ് എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി കാണും.

വര്‍ക്കിനെ നമ്മളെല്ലാവരും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതേപോലെ തന്നെ നമുക്ക് ചെയ്യാന്‍ പറ്റില്ലായെന്ന ധാരണയിലല്ല നമ്മളാരും സിനിമയെ സമീപിക്കുന്നത്. ആ ഒരു ക്വാളിറ്റി എന്റെ എല്ലാ അസിസ്റ്റന്റ്മാര്‍ക്കും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ഞാന്‍ ഷോര്‍ട്ട് ഫിലിം കാണുന്നയാളാണ്. ആരെങ്കിലും എ.ഡി ആകണമെന്ന് എന്നോട് പറഞ്ഞാല്‍ ചെയ്ത ഷോര്‍ട്ട് ഫിലിം അയച്ച് തരാനാണ് ആദ്യം പറയുന്നത്. ഒരെണ്ണമല്ല ഞാന്‍ കാണുന്നത്. അവരുടെ ഒന്നില്‍ കൂടുതല്‍ വര്‍ക്കുകള്‍ എനിക്ക് കാണണം,’ വിനീത് പറഞ്ഞു.

content highlight: vineeth sreenivasan about his assisstanse