| Friday, 25th February 2022, 12:31 pm

സംഗീതപരമായി തിളങ്ങാന്‍ പറ്റിയ ഒരു സിനിമ ഹിഷാമിന് ഇതുവരെ കിട്ടിയിരുന്നില്ല, പൃഥ്വിയെ പാടാന്‍ വിളിച്ചതിനും കാരണമുണ്ട്; വിനീത് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാട്ടുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സിനിമാ ഇന്‍ഡസ്ട്രിയാണ് മലയാളം. എന്നിരുന്നാലും അടുത്തകാലത്തൊക്കെ ഒന്നോ രണ്ടോ പാട്ടുകളില്‍ മാത്രം ചുരുങ്ങിപ്പോകുന്ന, അല്ലെങ്കില്‍ ഒരുപാട്ടുപോലും ഇല്ലാത്ത ചില സിനിമകളും മലയാളത്തില്‍ ഇറങ്ങിയിരുന്നു. പാട്ടുകള്‍ക്ക് വലിയ പ്രധാന്യം നല്‍കി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വിനീതിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയം.

പതിനഞ്ചു പാട്ടുകളുമായിട്ടായിരുന്നു ഹൃദയം മലയാളികള്‍ക്ക് മുന്നില്‍ എത്തിയത്. ഇത്രയേറെ പാട്ടുകള്‍ ഒരു സിനിമയില്‍ വരുമ്പോള്‍ അത് അരോചകമാകില്ലേയെന്ന് ചിന്തിച്ചവരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയായിരുന്നു സിനിമയും അതിലെ ഗാനങ്ങളും.

ഒരു തരത്തില്‍ പറഞ്ഞാല്‍ പാട്ടുകളായിരുന്നു ഹൃദയം എന്ന ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയതുപോയത്. ഒന്‍പത് പാട്ടുകളായിരുന്നു ആദ്യം ഹൃദയത്തിനായി ഒരുക്കിയതെങ്കിലും പിന്നീട് അത് പതിനഞ്ചിലേക്ക് എത്തുകയായിരുന്നു. നടന്‍ പൃഥ്വിരാജും നടി ദര്‍ശനയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഹൃദയത്തിന്റെ സംഗീതയാത്രയുടെ ഭാഗമായിരുന്നു

ഹിഷാം അബ്ദുള്‍ വഹാബിനെ ഹൃദയത്തിന്റെ സംഗീത സംവിധായകനായി തീരുമാനിച്ചതിനെ കുറിച്ചും പൃഥ്വിരാജിനെ കൊണ്ട് പാടിപ്പിച്ചതിനെ കുറിച്ചുമെല്ലാം പറയുകയാണ് വിനീത്. സംഗീതപരമായി ഹിഷാമിന് നന്നായി തിളങ്ങാന്‍ പറ്റിയ ഒരു സിനിമ ഇതുവരെ കിട്ടിയിരുന്നില്ലെന്നും അത്തരത്തില്‍ ഒരു അവസരം ഹിഷാമിന് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനീത് പറയുന്നു.

‘ഞാനും ഷാന്‍ റഹ്‌മാനും സഹോദരന്റെ സ്ഥാനത്ത് കാണുന്നയാളാണ് ഹിഷാം. ഓം ശാന്തി ഓശാനയിലും തിരയിലുമൊക്കെ ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഹിഷാം പാടിയിട്ടുണ്ട്.

സംഗീതപരമായി ഹിഷാമിന് നന്നായി തിളങ്ങാന്‍ പറ്റിയ ഒരു സിനിമ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഞാനൊരിക്കല്‍ ഷാനിനോട് പറഞ്ഞിരുന്നു. ആ സമയത്ത് ഷാന്‍ ലവ് ആക്ഷന്‍ ഡ്രാമയും ഹെലനും കുഞ്ഞെല്‍ദോയുമൊക്കെ ചെയ്യുന്ന സമയമായിരുന്നു.

ഞാന്‍ ഭാഗമായ മൂന്ന് സിനിമകള്‍ ഷാന്‍ ചെയ്യുന്ന സമയത്താണ് ഹൃദയത്തിന്റെ കമ്പോസിങ് തുടങ്ങാന്‍ തീരുമാനിച്ചത്. നമുക്ക് ആവശ്യത്തിലധികം വര്‍ക്ക് ലോഡ് ഉള്ളതുകൊണ്ട് ഹൃദയത്തില്‍ ഹിഷാമിനെ പരീക്ഷിച്ചാലോയെന്ന് ഞാന്‍ ഷാനിനോട് ചോദിച്ചു. ഹിഷാമിന്റെ സ്ട്രഗിള്‍ നന്നായിട്ടറിയാവുന്ന ഷാനും ആ തീരുമാനത്തിന്റെ കൂടെ നിന്നു, വിനീത് പറയുന്നു.

ഹൃദയത്തില്‍ പൃഥ്വിരാജിനെ കൊണ്ട് ഒരു പാട്ടുപാടിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ചും നേരത്തെ വിനീത് പറഞ്ഞിരുന്നു. പൃഥ്വി പാടുമ്പോള്‍ ഒരു പ്രത്യേക എടുപ്പുണ്ടാകുമെന്നും അത് എല്ലാവര്‍ക്കും അത്ര പെട്ടെന്ന് കിട്ടില്ലെന്നുമായിരുന്നു വിനീതിന്റെ വാക്കുകള്‍.

‘താതക തൈതാരെ’ എന്ന് പൃഥ്വി പാടുമ്പോള്‍ ഉണ്ടാകുന്ന ഒരു ബേസും ആറ്റിറ്റിയൂഡും ഉണ്ട്. പൃഥ്വി പാടുമ്പോള്‍ ഒരു പ്രത്യേക ഈസിനസ് വരും. ഒരു പ്രോപ്പര്‍ സിംഗര്‍ പാടുന്ന രീതിയിലല്ല രാജു പാടുക. അങ്ങനെയാണ് ഞങ്ങള്‍ രാജുവിനെ അപ്രോച്ച് ചെയ്തത്.

രാജുവിനെ ഫോണ്‍ ചെയ്തിട്ട് ‘ഞാന്‍ കഥപറയാന്‍ വിളിച്ചതൊന്നുമല്ല, എനിക്കൊരു പ്ലേ ബാക്ക് സിംഗറെ ആവശ്യമുണ്ട്. ഒരു പാട്ടൊന്നു പാടിത്തരാന്‍ പറ്റുമോ’ എന്ന് ചോദിക്കുകായയിരുന്നു. ഒരൊറ്റ ചിരിയായിരുന്നു പൃഥ്വിയുടെ മറുപടി. അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. ഒരു 50 മിനുട്ടിനുള്ളില്‍ പൃഥ്വി പാട്ടുപാടി തീര്‍ത്തു, വിനീത് പറയുന്നു.

Content Highlight: Vineeth Sreenivasan About Hesham abdul wahab and prithviraj

Latest Stories

We use cookies to give you the best possible experience. Learn more