ചെന്നൈയിലായിരിക്കുമ്പോള്‍ സൂര്യയെ നേരില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. താന്‍ കാറില്‍ ഡ്രൈവ് ചെയ്തുപോകുമ്പോള്‍ സൂര്യ ബൈക്ക് ഓടിച്ച് പോകുന്നത് കണ്ടിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. അന്ന് അദ്ദേഹം ഒരു സാധാരണക്കാരനെ പോലെ മകളെ സ്‌കൂളില്‍ നിന്നും കൂട്ടി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നുവെന്നും സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
‘ഞാന്‍ കാറോടിച്ച് പോകുമ്പോള്‍ ഒരാള്‍ ബൈക്കില്‍ വരികയാണ്. സിങ്കത്തിലെ സൂര്യയുടെ മീശയൊക്കെ വെച്ചിട്ടുണ്ട്. ആരെടേയ് ഈ സൂര്യയുടെ മീശ ഒക്കെ വെച്ച് നടക്കുന്നത് എന്ന് വിചാരിച്ചു. നോക്കുമ്പോള്‍ സൂര്യ, പുള്ളി തന്നെയാണ്.
പുള്ളി മോളെ സികൂളില്‍ നിന്നും പിക് ചെയ്തിട്ട് ബൈക്കില്‍ കൊണ്ടുപോവുകയാണ്. മോള് ബൈക്കിന് പിറകിലുണ്ട്, അദ്ദേഹത്തെ കെട്ടിപിടിച്ചിരിക്കുകയാണ്. ഹെല്‍മെറ്റ് വെച്ചിട്ടുണ്ട്. മുഖം കാണാന്‍ പറ്റുന്ന രീതിയിലുള്ള ഹെല്‍മെറ്റാണ് വെച്ചിട്ടുള്ളത്. കുട്ടിയെ സ്‌കൂളില്‍ നിന്നും പിക് ചെയ്തിട്ട് അദ്ദേഹം ഒരു സാധാരണക്കാരനെ പോലെ കൊണ്ടുപോവുകയാണ്.
സിങ്കം അല്ലേ പോകുന്നത് എന്ന് പറഞ്ഞ് ചിലപ്പോള്‍ ഏതെങ്കിലും പോലീസുകാര്‍ സല്യൂട്ട് അടിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ട് പൊലീസ് ആയ നിരവധി പൊലീസുകാര്‍ ഉണ്ട് അവിടെ. സൂര്യയെ കണ്ടിട്ട് പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് ധ്യാന്‍ പറഞ്ഞിട്ടുണ്ട്,’ വിനീത് പറഞ്ഞു.
2018 ആണ് ഒടുവില്‍ റിലീസ് ചെയ്ത് വിനീതിന്റെ ചിത്രം. ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 100 കോടിയും പിന്നിട്ട് തിയേറ്ററുകളില്‍ മുന്നേറുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം എന്ന റെക്കോഡ് കഴിഞ്ഞ ആറര വര്‍ഷങ്ങളായി സ്വന്തമാക്കി വെച്ചിരുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകനേയും 2018 മറികടന്നിരുന്നു. വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.
2018ല്‍ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍, നരേയ്ന്‍, തന്‍വി റാം തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: vineeth sreenivasan about experience of watching surya on traffic