മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അടുത്തിടെ നടന്മാരായ ഷെയ്ന്‍ നിഗത്തേയും ശ്രീനാഥ് ഭാസിയേയും സിനിമയില്‍ നിന്നും വിലക്കിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
ഇരുവരുടേയും സിനിമകളുമായി സഹകരിക്കില്ലെന്നായിരുന്നു സംയുക്ത സിനിമാ സംഘടനകള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും കൃത്യസമയത്ത് ലൊക്കേഷനില്‍ എത്താത്തവരേയും സിനിമയില്‍ നിന്ന് വിലക്കുമെന്നായിരുന്നു സംഘടനകള്‍ അറിയിച്ചത്. നിരവധി പരാതികള്‍ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരെ ഉയരുന്നുണ്ടെന്നും സംഘടനകള്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമക്ക് അകത്തും പുറത്തും സജീവമായി നടക്കുന്നുണ്ട്. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സിനിമയിലെ ലഹരിയെ കുറിച്ച് വിനീത് സംസാരിച്ചത്.
ലഹരി ഉപയോഗിക്കുന്നതുവഴി ക്രിയേറ്റിവിറ്റി വളരുമെന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്നും എന്നാല്‍ അത് തെറ്റായ ധാരണയാണെന്നും വിനീത് പറയുന്നു.
‘കുറേ ആളുകള്‍ വിചാരിക്കുന്നത് ഇത് വലിച്ചാല്‍ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല. അതാണ് ശരിക്കും സത്യം. എന്നാല്‍ അതൊന്നും ആളുകള്‍ മനസിലാക്കുന്നില്ല. ഇതിനൊക്കെ അടിമപ്പെട്ടാല്‍ സമയം പോകുന്നത് അറിയില്ല. നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പങ്കാണ് ലഹരി ഉപയോഗം കൊണ്ട് അവസാനിക്കുന്നത്.
ഒരു മുപ്പത്തഞ്ച് വയസൊക്കെ കഴിയുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞുതീരും. ഇതൊരു ഗേറ്റ് വേ ട്രാക്കാണ്. ഇത് എവിടെയും നില്‍ക്കില്ല. കുറച്ച് കാലം കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ഈ ഒരു അവസ്ഥ സിനിമ ഇന്‍ഡസ്ട്രിയില്‍ മാത്രല്ല ഉള്ളത്, എല്ലാ സ്ഥലത്തും ഇത് നിലനില്‍ക്കുന്നുണ്ട്.
ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എത്ര പിടിച്ചുവെക്കാന്‍ നോക്കിയാലും ലഹരി നിയന്ത്രിക്കാന്‍ കഴിയില്ല. പട്ടിണിയുള്ള ആളുകളുണ്ട് നമ്മുടെ നാട്ടില്‍. പെട്ടെന്ന് പണം കിട്ടുന്ന പരിപാടി വന്നാല്‍ അവരതിന് പോകും. കാരണം അവരുടെ സാഹചര്യങ്ങള്‍ അതാണ്. ആളുകള്‍ ഉപയോഗം നിര്‍ത്തുക എന്നത് മാത്രമാണ് ഏക പരിഹാരം. അല്ലാതെ ഒരു പരിഹാരവും ഈ കാര്യത്തിലില്ല,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan about Drugs and Malayalam Film Industry