ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. വളരെ കൂളായി ചോദ്യങ്ങള്‍ക്ക് ധ്യാന്‍ മറുപടി കൊടുക്കാറുണ്ടെന്നാണ് പ്രേക്ഷകര്‍ പറയാറുള്ളത്. ധ്യാനിന്റെ അഭിമുഖം കണ്ടിട്ട് ആശുപത്രിയില്‍ ശ്രീനിവാസന്‍ ചിരിച്ചതിനെക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ഒരോ കഥകളും വളരെ രസകരമായി പറയാന്‍ ധ്യാനിന് നല്ല കഴിവാണെന്നും ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ കഥ കേട്ടിട്ടാണ് താന്‍ ഏറ്റവും കൂടുതല്‍ ചിരിച്ചതെന്ന് വിനീത് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിനെക്കുറിച്ച് വിനീത് പറഞ്ഞത്.
”ധ്യാനിനോട് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ. ചേട്ടന്‍ എന്ന നിലയില്‍ അവനോട് എന്തെങ്കിലും പറയുന്നതിലും നല്ലത് പറയാതിരിക്കുന്നതാണ്. അതാണ് എനിക്ക് നല്ലത്. ധ്യാനിന്റെ സംഭവം എല്ലാവരും എന്‍ജോയ് ചെയ്യുന്നുണ്ടല്ലോ. അമൃതയില്‍ അഡ്മിറ്റായ സമയത്ത് ധ്യാനിന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് അച്ഛന്‍ ഫുള്‍ ചിരിയായിരുന്നു.
ചിരിപ്പിക്കാന്‍ കഴിയുന്നത് നല്ലതല്ലേ. അവന് ആ ലൈസന്‍സ് പണ്ടേ കിട്ടിയതാണ്. അവന്‍ കഥ പറയാന്‍ ഭയങ്കര മിടുക്കനാണ്. ലൗ ആക്ഷന്‍ ഡ്രാമയുടെ കഥ അവന്‍ എന്റെ അടുത്ത് പറഞ്ഞത് കേട്ടിട്ട് ഞാന്‍ ചിരിച്ച് വയ്യതായി. അതുപോലെ ഞാന്‍ വേറെ ഒരിടത്ത് നിന്നും ചിരിച്ചിട്ടില്ല. എന്നാല്‍ ആ പടം ഒന്നുമല്ല ഇറങ്ങിയപ്പോള്‍ വന്നത്, പടം വേറെയും എന്നോട് പറഞ്ഞ കഥ വേറെയുമാണ്.
അവന്‍ ഓരോ സമയത്തും കഥ പറയുമ്പോള്‍ കഥ മാറി കൊണ്ടിരിക്കും. ഷൂട്ട് ചെയ്യാനായപ്പോഴേക്കും വേരെ എന്തൊക്കെയോ ആണ് അവന്‍ ഷൂട്ട് ചെയ്തത്. കഥകേട്ടിട്ട് ഞാന്‍ ചിരിച്ച ചില സീനുകള്‍ എനിക്ക് ഓര്‍മയുണ്ട്. പടം ഇറങ്ങിയപ്പോള്‍ അതൊന്നും പടത്തില്‍ വന്നിട്ടില്ല.
അതൊക്കെ പടത്തില്‍ വന്നിരുന്നുവെങ്കില്‍ ആളുകള്‍ ചിരിച്ച് ഒരു വഴിക്കാകുമായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. പടത്തില്‍ അവ വന്നിരുന്നെങ്കില്‍ ലൗ ആക്ഷന്‍ ഡ്രാമ ഗംഭീരമാകുമായിരുന്നു,” വിനീത് പറഞ്ഞു.
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രൊമോഷന്‍ രീതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍ എന്ന പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അകൗണ്ട് നിര്‍മിച്ചിരുന്നു. അതിലൂടെയാണ് ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷന്‍ അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. സംവിധായകന്‍ അഭിനവിന്റെ ആശയമാണ് ഇത്തരത്തിലൊരു വേറിട്ട പ്രൊമോഷന്‍ രീതിയെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നു.
നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: vineeth sreenivasan about dhyan sreenivasan