| Tuesday, 15th November 2022, 11:35 pm

ആ കാര്യത്തിന് അവന്റെ അടുത്തേക്ക് പോകാത്തതാണ് നല്ലത്, കുറച്ച് കൂടെ സെലക്ടീവായി സിനിമ ചെയ്യണമെന്ന് ഞാന്‍ ധ്യാനിനോട് പറയാറുണ്ട്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. വളരെ കൂളായി ചോദ്യങ്ങള്‍ക്ക് ധ്യാന്‍ മറുപടി കൊടുക്കാറുണ്ടെന്നാണ് പ്രേക്ഷകര്‍ പറയാറുള്ളത്. അഭിമുഖത്തിലും നിരവധി കഥകള്‍ അദ്ദേഹത്തിന് പറയാറുണ്ടാകും. ധ്യാനിനെക്കുറിച്ച് പറയുകയാണ് വിനീത്.

ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് വിനീത് സംസാരിച്ചത്. ധ്യാനിനെ ഉപദേശിച്ചിട്ട് കാര്യമില്ലെന്നും സുഹൃത്തുക്കള്‍ പരസ്പരം ധ്യാനിന്റെ അഭിമുഖങ്ങള്‍ പങ്കുവെക്കാറുണ്ടെന്നും വിനീത് പറഞ്ഞു.

”ധ്യാനിനെ ഉപദേശിച്ചിട്ട് ഒരു കാര്യവുമില്ല. ആ കാര്യത്തിന് അവന്റെ അടുത്തേക്ക് പോകാത്തതാണ് നല്ലത്. കുറച്ച് കൂടെ സെലക്ടീവായി സിനിമ ചെയ്യണെന്ന് ഞാന്‍ അവനോട് പറയാറുണ്ട്. അതിന് ശേഷം അരമണിക്കൂര്‍ അവന്‍ പറയുന്നത് കേട്ടാല്‍ സെലക്ടീവ് ആകേണ്ട കാര്യമെന്താണെന്ന് എനിക്ക് തോന്നും.

അതുകൊണ്ട് അവനോട് സംസാരിക്കാത്തതാണ് നല്ലത്. നമ്മള്‍ വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ടാവില്ലെ അത് ചെയ്ത് നമ്മള്‍ മുന്നോട്ട് പോവുന്നതാണ് നല്ലത്. ഞാനും അവനും വളരെ വ്യത്യസ്തമായ രണ്ട് സ്വഭാവമുള്ള വ്യക്തികളാണ്. ധ്യാനിന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് അച്ഛന്‍ ഭയങ്കര ചിരിയാണെന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ ഫ്രണ്ട്‌സിന്റെ ഇടയില്‍ ചര്‍ച്ച ചെയ്യാറുണ്ട്. കാരണം ആരെക്കുറിച്ചാണ് അടുത്ത അഭിമുഖത്തില്‍ പറയുകയെന്ന് അറിയില്ലാലോ. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അവന്റെ അഭിമുഖങ്ങള്‍ അയക്കാറുണ്ട്,” വിനീത് പറഞ്ഞു.

നേരത്തെ ധ്യാന്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയുടെ കഥ തന്നോട് പറഞ്ഞതിനെക്കുറിച്ച് വിനീത് പറഞ്ഞിരുന്നു.

”അവന്‍ കഥ പറയാന്‍ ഭയങ്കര മിടുക്കനാണ്. ലൗ ആക്ഷന്‍ ഡ്രാമയുടെ കഥ അവന്‍ എന്റെ അടുത്ത് പറഞ്ഞത് കേട്ടിട്ട് ഞാന്‍ ചിരിച്ച് വയ്യതായി. അതുപോലെ ഞാന്‍ വേറെ ഒരിടത്ത് നിന്നും ചിരിച്ചിട്ടില്ല. എന്നാല്‍ ആ പടം ഒന്നുമല്ല ഇറങ്ങിയപ്പോള്‍ വന്നത്, പടം വേറെയും എന്നോട് പറഞ്ഞ കഥ വേറെയുമാണ്.

അവന്‍ ഓരോ സമയത്തും കഥ പറയുമ്പോള്‍ കഥ മാറി കൊണ്ടിരിക്കും. ഷൂട്ട് ചെയ്യാനായപ്പോഴേക്കും വേരെ എന്തൊക്കെയോ ആണ് അവന്‍ ഷൂട്ട് ചെയ്തത്. കഥകേട്ടിട്ട് ഞാന്‍ ചിരിച്ച ചില സീനുകള്‍ എനിക്ക് ഓര്‍മയുണ്ട്. പടം ഇറങ്ങിയപ്പോള്‍ അതൊന്നും പടത്തില്‍ വന്നിട്ടില്ല.

അതൊക്കെ പടത്തില്‍ വന്നിരുന്നുവെങ്കില്‍ ആളുകള്‍ ചിരിച്ച് ഒരു വഴിക്കാകുമായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. പടത്തില്‍ അവ വന്നിരുന്നെങ്കില്‍ ലൗ ആക്ഷന്‍ ഡ്രാമ ഗംഭീരമാകുമായിരുന്നു,” വിനീത് പറഞ്ഞു.

content highlight: vineeth sreenivasan about dhyan sreenivasan

We use cookies to give you the best possible experience. Learn more