| Wednesday, 27th October 2021, 10:44 am

നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദര്‍ശനയെ ഫോക്കസ് ചെയ്ത് ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു; ദര്‍ശന രാജേന്ദ്രനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനത്തില്‍ പ്രണവിന്റേയും ദര്‍ശനയുടേയും പ്രണയമാണ് കാണിക്കുന്നത്.

ചിത്രത്തിലേക്ക് ദര്‍ശന രാജേന്ദ്രന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. സംവിധായകനായ മാത്തുക്കുട്ടിയും ഹൃദയത്തിലെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശനയും ഒന്നിച്ച സൗഹൃദ ചര്‍ച്ചയിലാണ് വിനീത് താന്‍ ആദ്യമായി ദര്‍ശനയുടെ കണ്ടതിനെ കുറിച്ചും അവരുടെ അഭിനയം ശ്രദ്ധിച്ചു തുടങ്ങിയതിനെ കുറിച്ചും സംസാരിക്കുന്നത്.

‘ദര്‍ശന അഭിനയിച്ച തമിഴ് ചിത്രം ‘ഇരുമ്പു തിരൈ’ ഞാന്‍ കണ്ടിരുന്നു. അതില്‍ ടെറസിന് മുകളില്‍ നിന്ന് ദര്‍ശനയും വിശാലും സംസാരിക്കുന്ന സീന്‍ ഉണ്ട്, അന്ന് കണ്ടപ്പോള്‍ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദര്‍ശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോള്‍ ദര്‍ശന രാജേന്ദ്രന്‍ എന്ന് കണ്ടു. അങ്ങനെയാണ് ദര്‍ശനയെ ഞാന്‍ ആദ്യം കാണുന്നത്’, വിനീത് പറഞ്ഞു.

പിന്നീട് മായാനദിയിലെ ‘ഭാവ്‌രാ മന്‍’ ദര്‍ശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം ഞാന്‍ ദിവ്യയോട് ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് ‘കൂടെ’ സിനിമ റിലീസ് ചെയ്യുന്നത്. നസ്രിയയെ ഫോക്കസ് ചെയ്താണല്ലോ ഷോട്ടുകള്‍ ഏറെയും. ആ പാട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡില്‍ ഉള്ള ദര്‍ശനയെ നോക്കും, ഈ കുട്ടി കാണാന്‍ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദര്‍ശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു.

ഒരു സിനിമ ചെയ്യുമ്പോള്‍ ചില കഥാപാത്രത്തിന് ഇന്ന ആള്‍ ചേരും എന്ന് മനസ്സില്‍ തോന്നാറുണ്ടല്ലോ. അത് ബുദ്ധിപൂര്‍വമെടുക്കുന്ന തീരുമാനമൊന്നുമല്ല. പല തീരുമാനങ്ങളും നമ്മുടെ മനസ്സ് നമ്മോടു പറയുന്നതാണ്. അങ്ങനെ ഞാന്‍ ‘ഹൃദയം’ എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദര്‍ശന ഈ കഥാപാത്രം ചെയ്താല്‍ അടിപൊളി ആയിരിക്കും എന്ന്, വിനീത് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vineeth Sreenivasan About Darshana Rajendran

Latest Stories

We use cookies to give you the best possible experience. Learn more