മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന നിലയിൽ തന്റെ മേൽവിലാസം പതിപ്പിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. തുടർന്നിറങ്ങിയ തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ രാജ്യം, ഹൃദയം തുടങ്ങിയ സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റിലേക്ക് കയറ്റാൻ വിനീതിന് കഴിഞ്ഞു. കൊവിഡിന് ശേഷം തിയേറ്ററിൽ എത്തി വലിയ വിജയമായ സിനിമയായിരുന്നു പ്രണവ് മോഹൻലാൽ നായകനായ ഹൃദയം.
എന്നാൽ ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ക്രിഞ്ചാണെന്ന തരത്തിൽ ചില ട്രോളുകൾ ഉണ്ടായിരുന്നു. ഹൃദയത്തിന് ശേഷം ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് സമാനമായ അനുഭവമായിരുന്നു. തിയേറ്ററിൽ അത്യാവശ്യം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രം പിന്നീട് ഒരുപാട് ട്രോൾ ചെയ്യപ്പെട്ടു. എന്നാൽ താൻ ഒരുപാട് നൊസ്റ്റാൾജിയയുള്ള ഒരാളാണെന്നും ക്രിഞ്ച് എന്ന് പറയുന്ന കാര്യം കണക്റ്റ് ആവുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ടെന്നും അവരെയും നമ്മൾ പരിഗണിക്കണമെന്നും വിനീത് പറയുന്നു.
കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമായ 2018 ൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫും അത്തരത്തിൽ ചില സീനുകൾ മനഃപൂർവം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് ക്രിഞ്ചാണെന്ന് ജൂഡിനറിയാമെന്നും വിനീത് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനീത്.
‘നമ്മൾ റൊമാൻസ് തൊട്ടാൽ അല്ലെങ്കിൽ പഴയകാലമോ നൊസ്റ്റാൾജിയയോ തൊട്ടാൽ ഇന്ന് കണക്റ്റ് ആവാത്ത പലതിനെയും ആളുകൾ ക്രിഞ്ച് എന്ന് പറയുമല്ലോ. പക്ഷെ നമ്മൾ ഒരു വലിയ വിഭാഗം പ്രേക്ഷകരെ കുറിച്ച് ചിന്തിക്കണമല്ലോ. 2018ൽ ജൂഡ് മനഃപൂർവം വെച്ച ചില സീനുകളുണ്ട്. സോഷ്യൽ മീഡിയകളിൽ അതിനെ ക്രിഞ്ചെന്ന് പറയും. പക്ഷെ അതൊരുപാട് പ്രേക്ഷകർക്ക് കണക്റ്റ് ആവുന്ന ഒന്നാണ്.
സത്യനങ്കിളിന്റെ ( സത്യൻ അന്തിക്കാട്) സിനിമകളില്ലെ അതിന്റെയെല്ലാം ബേസിക് ഇമോഷൻസ് പെട്ടെന്ന് കണക്റ്റ് ആവും മനുഷ്യൻമാർക്ക്. ആ ഒരു സാധനം വേണം സിനിമയ്ക്ക്. കുറച്ചാളുകൾ നമ്മളെ വിമർശിക്കുമെന്നത് വലിയ പ്രശ്നമാക്കിയെടുത്തിട്ട് സോഷ്യൽ മീഡിയ വേൾഡിനെ മാത്രം പരിഗണിച്ചുകൊണ്ട് നമ്മൾ സിനിമ ചെയ്യാൻ തുടങ്ങിയാൽ നമ്മുടെ പടം അത്രയേ സ്വീകരിക്കപ്പെടുകയുള്ളൂവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
അതെന്റെ ഉള്ളിലുള്ള ഒരു തോട്ടാണ്. പിന്നെ ഞാൻ ഒരുപാട് നൊസ്റ്റാൾജിയ ഉള്ളൊരു മനുഷ്യനാണ്. എന്നെപ്പോലുള്ള മനുഷ്യൻമാരും ഒരുപാടുണ്ട്. അപ്പോൾ ഞാൻ അവരെയും പരിഗണിക്കേണ്ടേ,’വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth sreenivasan About Crings in films And Sathyan Anthikkad