വിളയാടൻ ഒരു സ്പേസ് കിട്ടിയാൽ അവൻ കളം നിറഞ്ഞ് കളിക്കും, ഇതിൽ അവനത് നന്നായി ഉപയോഗിച്ചു: വിനീത് ശ്രീനിവാസൻ
Entertainment
വിളയാടൻ ഒരു സ്പേസ് കിട്ടിയാൽ അവൻ കളം നിറഞ്ഞ് കളിക്കും, ഇതിൽ അവനത് നന്നായി ഉപയോഗിച്ചു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 1:28 pm

ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം വന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

സിനിമ പ്രേമികളും നിവിൻ ആരാധകരും ഒരുപോലെ കാത്തിരുന്ന നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് വർഷങ്ങൾക്കുശേഷം എന്നാണ് പ്രേക്ഷക പ്രതികരണം. നാളുകളായി ബോക്സ് ഓഫീസിൽ നല്ലൊരു വിജയം ഇല്ലാത്ത നിവിൻ പോളിയുടെ അഴിഞ്ഞാട്ടമാണ് സിനിമയിൽ കണ്ടതെന്നാണ് എല്ലാവരും പറയുന്നത്. ഇത് നിവിൻ പോളിയുടെ തിരിച്ചുവരവാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസൻ.

നിവിൻ ഇവിടെ തന്നെയുണ്ടെന്നും നന്നായി പെർഫോം ചെയ്യാനുള്ള ഒരു സ്പേസ് കിട്ടിയാൽ നിവിൻ നന്നായി സ്കോർ ചെയ്യുമെന്നും വിനീത് പറഞ്ഞു. വർഷങ്ങൾക്ക് ശേഷത്തിൽ ആ സ്പേസ് ഉണ്ടായിരുന്നുവെന്നും വിനീത് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

‘നിവിനെ തിരിച്ചു കൊണ്ടുവരിക എന്ന സംഭവം ഒന്നുമില്ല. നിവിൻ എപ്പോഴും ഇവിടെയുണ്ട്. നിവിന് ശരിക്കും വിളയാടാനുള്ള ഒരു സ്പേസ് കിട്ടി കഴിഞ്ഞാൽ അവൻ കളം നിറഞ്ഞ് കളിച്ചോളും. ഇതിൽ ആ സ്പേസ് ഉണ്ടായിരുന്നു. അവനത് നന്നായി ഉപയോഗിച്ചു.

അതുപോലെ ആളുകൾ അപ്പുവിന്റെയും ധ്യാനിന്റെയും കോമ്പിനേഷനെ കുറിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷമുണ്ട്.

ഞാൻ തിരക്കഥയിൽ എഴുതി വെച്ചത് തന്നെയാണ് നിവിൻ ചെയ്തത്. ചില സീനുകളിലെല്ലാം ചില നുണുക്ക് പരിപാടികളെല്ലാം അവൻ ആഡ് ചെയ്തിട്ടുണ്ട്,’വിനീത് ശ്രീനിവാസൻ പറയുന്നു.

 

Content Highlight: Vineeth Sreenivasan About Comback Of Nivin Pauly In Varshangalkk Shesham Movie