മലയാളത്തിലെ യുവ താരനിരയെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.
ഇത്രയും ആളുകളെ കാസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇത് നടക്കുമെന്ന് കരുതിയില്ലെന്ന് വിനീത് ശ്രീനിവാസൻ. താൻ ഇവരൊക്കെ വിളിക്കുന്ന സമയത്ത് വരില്ലായിരിക്കും എന്ന് കരുതിയാണ് വിളിക്കുന്നതെന്നും വിനീത് പറഞ്ഞു. ഗുരുവായൂരമ്പലയിൽ, ഹിന്ദി സിനിമ, ജീത്തു ജോസഫിന്റെ പടം തുടങ്ങി നിരവധി പരിപാടികളിൽ ബേസിൽ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ താൻ വിളിച്ചപ്പോൾ തന്നെ അഭിനയിക്കാമെന്ന് പറഞ്ഞെന്നും വിനീത് കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇത് തുടങ്ങുന്നതിന് മുൻപ് നടക്കുമോയെന്ന് ഞാൻ വിചാരിച്ചിട്ടില്ല. ഞാൻ ഇവരൊക്കെ വിളിക്കുന്ന സമയത്ത് കിട്ടുകില്ലായിരിക്കും എന്ന് കരുതിയിട്ടാണ് വിളിക്കുന്നത്. ബേസിലിനെ വിളിച്ചു. അവന്റെ ഗുരുവായൂരമ്പലയിൽ സിനിമ നടക്കുന്നുണ്ട്. ഹിന്ദി സിനിമയുടെ പരിപാടിയുണ്ട്. അവൻ ചെയ്തുകൊണ്ടിരിക്കുന്ന വേറെ പരിപാടികൾ ഉണ്ട്. ജീത്തു ചേട്ടന്റെ പടം അവൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ഞാൻ ചോദിച്ചില്ല എന്ന് വേണ്ടല്ലോ എന്ന് കരുതി ബേസിലിനെ വിളിച്ചു. ഞാൻ ഇങ്ങനെയൊരു സിനിമ തുടങ്ങുന്നുണ്ട് ഡിസംബറിൽ ആണ് നിനക്ക് പറ്റുമോയെന്ന് ചോദിച്ചപ്പോൾ ഞാനുണ്ട് എന്നാണ് അവന്റെ മറുപടി. നിന്റെ ബാക്കി പടം എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ അതൊക്കെ ഞാൻ സംസാരിച്ചോളാം ഞാൻ ഉണ്ട് എന്നായിരുന്നു അവന്റെ മറുപടി. അതുപോലെ നീരജിനെ വിളിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞു. നിവിനെ വിളിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞു. വിളിക്കുന്ന ആൾക്കാരൊക്കെ കമ്മിറ്റ് ചെയ്തു,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
Content Highlight: Vineeth sreenivasan about casting in varshangalku shesham