നടന്‍ ബിജു മേനോനുമൊത്ത് അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. കുഞ്ഞിരാമായണം സിനിമയില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബിജു മേനോനുമായി ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും എന്നാല്‍ തങ്കം സിനിമയിലേക്ക് വരുമ്പോള്‍ കൂടുതല്‍ സമയം കിട്ടിയെന്നും വിനീത് പറഞ്ഞു.
ബിജു മേനോന്‍ ഫുള്‍ പാര്‍ട്ടി മൂഡാണെന്നും അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെയടക്കം എല്ലാവരെയും തന്റെ റൂമിലേക്ക് വിളിപ്പിക്കുമെന്നും ഫുഡ് ഒക്കെ തരുമെന്നും വിനീത് പറഞ്ഞു. ചക്കരെ നീ എവിടെയാടാ എന്നാണ് ഫോണ്‍ വിളിച്ച് ചോദിക്കുന്നതെന്നും വിനീത് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ബിജു ചേട്ടനും ഞാനും മുമ്പ് ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷെ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് കുഞ്ഞിരാമായണത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു. അതായത് രണ്ട് മൂന്ന് ദിവസത്തെ കോമ്പിനേഷന്‍ മാത്രമെ അന്നുണ്ടായിരുന്നുള്ളു. ചെറുപ്പം മുതല്‍ തന്നെ ബിജു ചേട്ടനെ ഞാന്‍ കാണാറുണ്ട്. എന്നാല്‍ ഇത്രയും ദിവസം ചേട്ടന്റെ കൂടെ ചെലവഴിക്കുന്നത് ഇതാദ്യാമായിട്ടാണ്.
അതെനിക്ക് നല്ലൊരു അനുഭവം തന്നെയായിരുന്നു. നമ്മുടെയൊരു മൂത്ത ചേട്ടനെ പോലെയാണ് ബിജു ചേട്ടന്‍. നമ്മളെ കണ്ടില്ലെങ്കില്‍ ചക്കരേ എവിടെയാടാ, നീ എന്താ ഇങ്ങോട്ട് വരാത്തത്, ഇങ്ങോട്ടേക്ക് വാ എന്നും പറഞ്ഞ് കാരവാനിലേക്ക് വിളിപ്പിക്കും. നമ്മള്‍ വിചാരിക്കുവല്ലോ സീനിയറാണല്ലോ അങ്ങോട്ട് പോയി ഡിസ്റ്റര്‍ബ് ചെയ്യണ്ടായെന്ന്.
പക്ഷെ ബിജു ചേട്ടന്‍ തന്നെ നമ്മളെ അങ്ങോട്ട് വിളിപ്പിക്കും. നമ്മളെ വിളിച്ച് വരുത്തി ഫുഡ് ഒക്കെ തന്ന് പഴയ കഥകളൊക്കെ പറയും. ഫ്രീയാകുന്ന സമയത്ത് പാട്ടൊക്കെ പാടി നല്ല രസമാണ്. നമ്മുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സൊക്കെ എപ്പോഴും ബിജു ചേട്ടന്റെ റൂമില്‍ കാണും. കാരണം ബിജു ചേട്ടന്‍ എല്ലാരേയും വിളിപ്പിക്കും. എല്ലാരെയും വിളിപ്പിച്ച് ഫുള്‍ പാര്‍ട്ടി മൂഡാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
അതേസമയം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ തങ്കമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന സിനിമ. അറഫാത്ത് സംവിധാനം ചെയ്ത് ജനുവരി 26നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ഇരുവര്‍ക്കും പുറമെ ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി തുടങ്ങിയവരും തങ്കത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
content highlight: vineeth sreenivasan about biju menon and thankam movie location