|

എന്റെ സുഹൃത്തെന്ന ലേബലിലല്ല, സ്വന്തം കഴിവുകൊണ്ട് ആ കഥാപാത്രം അജുവിന് കിട്ടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലസ്. നിവിന്‍ പോളി, അജു വര്‍ഗീസ്, ശബരീഷ് വര്‍മ എന്നിവരുടെയൊക്കെ സിനിമയിലേക്കുള്ള തുടക്കവും മലര്‍വാടിയിലൂടെയായിരുന്നു.

അജു വര്‍ഗീസിന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറയുകയാണ് ഓണ്‍ ദി ഡോട്ട് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത്. അജു തന്റെ സുഹൃത്താണെന്ന് ഒഡീഷന്‍ സമയത്ത് താന്‍ ആരോടും പറഞ്ഞില്ലെന്നും അവന് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തന്നെ സിനിമയില്‍ അവസരം ലഭിക്കണമെന്ന് തനിക്ക് നിര്‍ബന്ധമായിരുന്നെന്നും വിനീത് പറയുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിച്ചത്. ആദ്യ സിനിമയെന്ന നിലയില്‍ ആരേയും നേരിട്ട് കാസ്റ്റ് ചെയ്യാനുള്ള അവസരമൊന്നും അന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്നും വിനീത് പറഞ്ഞു.

‘ അജു എന്റെ കൂടെ പഠിച്ചതാണ്. ഈ റോള്‍ ഞാന്‍ എഴുതുന്ന സമയത്ത് അത് അജു ചെയ്താല്‍ നന്നാവുമെന്ന് തോന്നിയിരുന്നു. അജുവിനോട് എടാ, നീ ഒഡീഷന് വാ എന്ന് പറഞ്ഞു. അഭിനയിക്കാന്‍ പറ്റുമോ എന്ന് എനിക്കും അവനും അറിയില്ല. നീ ഒഡീഷന് വന്നാല്‍ എല്ലാവരും കാണുമല്ലോ. ഞാന്‍ ആദ്യമായി ചെയ്യുന്ന പടമായതുകൊണ്ട് എല്ലാ തീരുമാനവും എനിക്ക് ഒറ്റയ്ക്ക് എടുക്കാന്‍ പറ്റിയെന്ന് വരില്ല. ഒഡീഷന്‍ അറ്റന്റ് ചെയ്യ് എന്നിട്ട് നോക്കാമെന്ന് പറഞ്ഞു. അന്ന് അജു വന്ന് ഒഡീഷനില്‍ ചെയ്തു പോകുമ്പോള്‍ തന്നെ പ്രൊഡക്ഷനില്‍ ഉള്ള ആള്‍ക്കാര്‍ ഈ പയ്യന്‍ കൊള്ളാമല്ലേ എന്ന് പറഞ്ഞു. എന്റെ സുഹൃത്താണെന്ന് ഞാന്‍ പറഞ്ഞില്ല. അവന് മെറിറ്റില്‍ തന്നെ കിട്ടട്ടേയെന്ന് കരുതി.

അതുപോലെ നിവിന്റെ ഒഡീഷന്‍ പാലാരിവട്ടത്തെ ഒരു സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ആദ്യമായി നിവിനെ കാണുന്നത്. അതിന് മുന്‍പ് പരിചയമില്ല. നിവിന്‍ ഒരു കറുത്ത ഷര്‍ട്ടൊക്കെയിട്ടാണ് വന്നത്. കാലിന് വയ്യായിരുന്നു. ക്രിച്ചസിന്റെ സഹായത്തിലാണ് വന്നത്. ആദ്യം കണ്ടപ്പോള്‍ തന്നെ നമുക്കെല്ലാവര്‍ക്കും നിവിന്‍ കണ്‍വിന്‍സ്ഡ് ആയി,’ വിനീത് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ സിനിമാനടന്റെ വേഷം ചെയ്യാന്‍ ഷാന്‍ റഹ്‌മാനെ വിളിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന്

പല പ്രൊഡ്യൂസര്‍മാരുടേയും സംവിധായകരുടെ അടുത്ത് അവര്‍ പാട്ടുചോദിക്കുമ്പോള്‍ ഇവന്‍ അഭിനയിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു ചിരിയോടെയുള്ള വിനീതിന്റെ മറുപടി.’ അവനുമായി കുറേ നാളത്തെ പരിചയം എനിക്കുണ്ട്. ഇവന്റെ പല ഭാവങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സംഗതി പറയുമ്പോള്‍ തന്നെ ചിലര്‍ രസകരമായി പറയുമല്ലോ. അത്തരത്തില്‍ എനിക്കറിയുന്ന ഒരു ഷാനുണ്ട്. ഷാന്‍ എക്‌സാജറേറ്റ് ചെയ്ത ഒരു സാധനം ചെയ്താല്‍ നന്നാവുമെന്ന് തോന്നി. അങ്ങനെയാണ് ഷാനിനെ അഭിനയത്തിലേക്ക് കൊണ്ടുവന്നത്.

അതുപോലെ ഷാന്‍ നടക്കുന്നതൊക്കെ നെഞ്ചൊക്കെ വിരിച്ചാണ്. ആ സ്ഥലം മുഴുവന്‍ അവന്റേതാണെന്ന് തോന്നും. അത്തരത്തില്‍ അവന്‍ ആ കഥാപാത്രത്തെ ഭംഗിയാക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Also Read: ഇന്നലെ വന്ന പയ്യനാണ് ഞാന്‍, എന്റെ ഡയലോഗ് ഒരു ഈഗോയുമില്ലാതെ മമ്മൂക്ക പറയുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒന്നുമല്ല എന്ന് തോന്നി: വിജയ് സേതുപതി

content highlight: Vineeth sreenivasan about aju varghese