|

എന്നോട് പാട്ട് പാടിയാല്‍ മാത്രം പോരായിരുന്നോ എന്ന് ഷൂട്ട് കാണാന്‍ വന്നയാള്‍ ചോദിച്ചു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് വിനീത് ശ്രീനിവാസന്‍. സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ വിനീതിന്റെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥിവേഷത്തിലെത്തുന്നുണ്ട്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം 1970കളുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചു. വിനീത് ആദ്യമായി അഭിനയിച്ച സൈക്കിള്‍ എന്ന സിനിമയിലെ ഒരു രംഗം 23 ടേക്കെടുക്കേണ്ടി വന്നതും താരം പങ്കുവെച്ചു. ടേക്ക് ഓക്കെയായപ്പോള്‍ മാളില്‍ കൂടിനിന്നവര്‍ കൈയടിച്ചുവെന്നും, അതിലൊരാള്‍ തന്നോട് പാട്ടുപാടി നടന്നാല്‍ പോരായിരുന്നോ എന്ന് ചോദിച്ചെന്നും വിനീത് പറഞ്ഞു.

‘തലശ്ശേരി മാളില്‍ ഞാനും ഭാമയും കൂടെയുള്ള സീനായിരുന്നു. ഞാന്‍ ഭാമക്ക് പൈസ കൊടുത്തിട്ട് അവരെ നോക്കി ചിരിക്കുന്ന സീനാണ്. എത്ര ടേക്കെടുത്തിട്ടും അത് ശരിയാവുന്നില്ല. പത്തും ഇരുപതും ടേക്ക് കഴിഞ്ഞ് 23 ടേക്ക് കഴിഞ്ഞിട്ടും അത് ശരിയായില്ല. മാളിലുള്ളവരൊക്കെ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഇതു കഴിഞ്ഞാല്‍ പോകാമായിരുന്നു എന്ന ചിന്തയായിരുന്നു.

ഒടുവില്‍ 24ാമത്തെ ടേക്കില്‍ അത് ഓക്കെയായി. ആ സമയം മാളില്‍ കൂടി നിന്ന എല്ലാവരും കൈയടിച്ചു. വല്ലാതെ കഷ്ടപ്പെട്ടുപോയ ഷോട്ടായിരുന്നു അത്. ഞാന്‍ അത് കഴിഞ്ഞ് നടന്നു പോകുമ്പോള്‍ ഒരാള്‍ എന്റെയടുത്തേക്ക് വന്നു. തലശ്ശേരിക്കാരനായിരുന്നു അയാള്‍. ഈ ഷൂട്ട് മൊത്തം അയാള്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നോട് ഒരു ചോദ്യം അയാള്‍ ചോദിച്ചു, ‘പാട്ട് പാടി നടന്നാല്‍ പോരായിരുന്നോ. എന്തിനാ ഈ പണിക്കൊക്കെ ഇറങ്ങിയത്’ എന്ന് ചോദിച്ചിട്ട് അയാള്‍ പോയി. എന്റെ ജീവിതത്തില്‍ ഞാന്‍ അയാളുടെ മുഖം മറക്കില്ല,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about a shot 23 times in Cycle movie