ഓരോ സിനിമ ചെയ്യുമ്പോഴും കൃത്യമായ ഇടവേളകള്‍ തനിക്ക് ആവശ്യമാണെന്ന് വിനീത് ശ്രീനിവാസന്‍. തന്റെ ആദ്യ സിനിമക്ക് ശേഷം രണ്ട് വര്‍ഷം ബ്രേക്ക് എടുത്തെന്നും താരം പറയുന്നു. സിനിമ ചെയ്യുമ്പോള്‍ ഐഡന്റിറ്റി പ്രശ്‌നമല്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ ഫോക്കസ് മുഴുവനും സിനിമയിലായിരിക്കും. അതുകൊണ്ടാണ് മലര്‍വാടി കഴിഞ്ഞതിനുശേഷം ഞാന്‍ രണ്ടുവര്‍ഷം ബ്രേക്ക് എടുത്തത്. സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നു, ഇനി രണ്ടുവര്‍ഷത്തേക്ക് ഞാന്‍ സിനിമ ചെയ്യില്ല എന്ന്. കാരണം അടുത്തത് എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാന്‍ എനിക്ക് കുറച്ച് സമയം വേണമായിരുന്നു.
അങ്ങനെ മെല്ലെ മെല്ലെയാണ് തട്ടത്തിന്‍ മറയത്ത് ചെയ്യുന്നത്. തട്ടത്തിന്‍ മറയത്തൊക്കെ ചെയ്യുമ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായിരുന്നു. നമ്മുടെ ഐഡന്റിറ്റിയെ കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ട ആവശ്യമില്ല . അത് വളരെ ലളിതമായ ഒരു കാര്യമാണ്. നമ്മള്‍ ജോലി ചെയ്തുകൊണ്ടിരുന്നാല്‍ മാത്രം മതി.
അപ്പോള്‍ തന്നെ ആള്‍ക്കാര്‍ നമ്മളെക്കുറിച്ച് പറഞ്ഞ് തുടങ്ങും. നമ്മുടെ സിനിമയെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങും. പിന്നെ ആളുകള്‍ മറ്റൊന്നും കാര്യമാക്കാതാവും. ആരുടെ പേരിലാണ് സിനിമയിലേക്ക് വന്നത് അച്ഛന്റെ പേരിലാണോ അതൊന്നും ആളുകള്‍ കാര്യമാക്കില്ല. കാരണം സിനിമ ഒരു ലഹരിയാണ് നല്ലത് കണ്ടാല്‍ ആളുകള്‍ അത് സ്വീകരിക്കും.
ശരിക്കും പറഞ്ഞാല്‍ നമ്മള്‍ ചെയ്യുന്ന ജോലിയില്‍ നമുക്കൊരു ഹൈപ്പ് കിട്ടും. അതുകൊണ്ട് തന്നെ ബാക്കി കാര്യങ്ങളൊന്നും ആളുകള്‍ കാര്യമാക്കില്ല. അങ്ങനെയാണ് ഈ കാലം കൊണ്ട് എനിക്ക് തോന്നിയിട്ടുള്ളത്,’ വിനീത് പറഞ്ഞു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഹൃദയം എന്നിവയാണ് വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇവയെല്ലാം തന്നെ മികച്ച പ്രതികരണങ്ങളും നേടിയിരുന്നു. അഭിനയത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ താരത്തിന് കഴിഞ്ഞു. നവാഗതനായ അഭിനവ് സുന്ദര്‍ സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് വിനീത് നായകനായ ഏറ്റവും പുതിയ ചിത്രം.
സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, തന്‍വി റാം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 11ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
CONNTENT HIGHLIGHT: VINEETH SREENIVASAN TALKS ABOUT HIS NEW PLANS