| Wednesday, 2nd February 2022, 12:09 pm

വിശകലനം ചെയ്യുന്നതിന് പകരം ഹൃദയം കൊണ്ടാണ് ഈ സിനിമ കാണേണ്ടത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തട്ടത്തിന്‍ മറയത്തിന് ശേഷം വിനീത് വീണ്ടും പ്രണയ കഥയുമായി വരുന്നു. ‘ഹൃദയ’ത്തെ ചുറ്റിപറ്റിയുള്ള ആദ്യ അഭ്യൂഹങ്ങള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ ‘അരുണ്‍ നീലകണ്ഠന്‍’ എന്ന കേന്ദ്രകഥാപാത്രത്തിന്റെ 18 വയസ് മുതല്‍ 30 വയസുവരെയുള്ള ജീവിതകഥയാണ് ചിത്രം പറയുന്നതെന്ന് വിനീത് ശ്രീനിവാസന്‍ തന്നെ പിന്നീട് തിരുത്തി.

സിനിമയുടെ പേരും ചര്‍ച്ചയായിരുന്നു. വളരെ ലളിതമായ, എന്നാല്‍ ഒരുപാട് ആഴമുള്ള ഒരു പേരായിരുന്നു വിനീത് സിനിമക്ക് നല്‍കിയിരുന്നത്.

സിനിമക്ക് എങ്ങനെയാണ് ഹൃദയം എന്ന പേര് വന്നത് എന്ന് പറയുകയാണ് വിനീത്. ആളുകള്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാനാണ് ഈ പേര് ഇട്ടതെന്നും വിശകലനാത്മകമായി കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട ചിത്രമാണ് ഇതെന്നും വിനീത് പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിനോടായിരുന്നു വിനീതിന്റെ പ്രതികരണം.

‘ഹൃദയം എന്ന പേര് കേട്ടതിന് ശേഷം, ഒരു പുരുഷനേയും രണ്ട് സ്ത്രീകളേയും കണ്ടപ്പോള്‍ സ്വഭാവികമായും ഒരു ത്രികോണ പ്രണയത്തിന്റെ കഥയായിരിക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ ചിത്രത്തില്‍ കൗമാരത്തില്‍ നിന്നും മുതിര്‍ന്ന പ്രായത്തിലേക്കുള്ള ഒരു വ്യക്തിയുടെ വളര്‍ച്ചയാണ് കാണിക്കുന്നത്. ഹൃദയം എന്ന പേര് ഇത്തരമൊരു ചിത്രത്തിന് നല്‍കിയത് എന്തുകൊണ്ടാണ്,’ എന്നായിരുന്നു ഭരദ്വാജ് രംഗന്റെ ചോദ്യം.

‘സിനിമക്കായി ഒരുപാട് പേരുകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഒന്നും തൃപ്തികരമായിരുന്നില്ല. ‘തട്ടത്തിന്‍ മറയത്ത്’ എന്ന പേര് കേള്‍ക്കുമ്പോള്‍ അതൊരു മുസ്‌ലിം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്ന് ആളുകള്‍ക്ക് മനസിലാവും. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യവും’ അങ്ങനെ തന്നെയാണ്.

‘തിര’ കൈകാര്യം ചെയ്ത വിഷയം ഒരുപാട് പരന്നതായിരുന്നു. മനുഷ്യകടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആ സിനിമ ചര്‍ച്ച ചെയ്തിരുന്നു. അതിനാല്‍ തന്നെ തിര എന്ന പേര് യോജിച്ചതായിരുന്നു.

പ്രിയദര്‍ശന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ ‘ചിത്രം’, ‘കിലുക്കം’ പോലെ സിനിമയുടെ ഫീലിനോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകളാണ്. പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതല്ല. ഹൃദയം എന്ന പേരിട്ടത് പ്രേക്ഷകര്‍ക്ക് അതിനോട് കണക്ഷന്‍ കിട്ടാനാണ്. വിശകലനാത്മകമായി കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട സിനിമ ആണിത്,’ വിനീത് പറഞ്ഞു.

‘മറ്റൊരു കടമ്പ നേരത്തെ ഈ പേര് ആരെങ്കിലും ഉപയോഗിച്ചോ എന്നുള്ളതായിരുന്നു. ആര്‍ക്ക് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പേര് ആണിത്. ഭാഗ്യവശാല്‍ അന്വേഷിച്ചുവന്നപ്പോള്‍ ഒരു സിനിമക്കും ഹൃദയം എന്ന പേര് ഇല്ലായിരുന്നു,’ വിനീത് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലും ഹൃദയം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുകയായിരുന്നു. വിദേശ രാജ്യങ്ങളിലും ചിത്രം വലിയ വിജയമാണ് നേടിയത്.

കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണവ്, കല്യാണി, ദര്‍ശന എന്നിവരുടെ പ്രകടനങ്ങള്‍ മികച്ച അഭിപ്രായം നേടിയിരുന്നു.


Content Highlight: vineeth sreeninivasan about the name hridayam

We use cookies to give you the best possible experience. Learn more