Entertainment
ഫഹദിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് അയാളില്‍ ആ അസാധാരണ നടനെ ഞാന്‍ കണ്ടു: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 22, 09:19 am
Wednesday, 22nd January 2025, 2:49 pm

ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു.

നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലെ ഡബ്ബിങ്ങിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടി വിനീത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. മലയാളത്തിലെ മികച്ച സംവിധായകരുടെ സിനിമയിലെല്ലാം വിനീത് ഭാഗമായിട്ടുണ്ട്.

ഫാസില്‍ എന്ന സംവിധായകന്റെ കീഴില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വിനീത്. മികച്ച സംവിധായകന്‍ എന്നതിലുപരി മികച്ചൊരു നടനാണ് ഫാസിലെന്ന് വിനീത് പറഞ്ഞു. അത് നോക്കി അതുപോലെ കോപ്പി ചെയ്താല്‍ മതിയെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ജസ്റ്റ് ടു സേ യെസ് പാച്ചിക്ക എന്നാണ് അഭിനയിക്കുമ്പോള്‍ ശോഭന തന്നോട് പറഞ്ഞതെന്നും അത് താന്‍ അതേപടി പകര്‍ത്തിയെന്നും വിനീത് പറഞ്ഞു.

മണിച്ചിത്രത്താഴില്‍ നാഗവല്ലിയുടെ സൂക്ഷ്മചലനങ്ങളില്‍ ഫാസില്‍ എന്ന നടനെ കാണാന്‍ കഴിയുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. മണിച്ചിത്രത്താഴിലേക്ക് ഫാസില്‍ തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ പരിണയം എന്ന സിനിമയുടെ തിരക്കില്‍ പെട്ടുപോയതിനാല്‍ തനിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും വിനീത് പറഞ്ഞു.

മാനത്തെ വെള്ളിത്തേര് എന്ന സിനിമയുടെ സമയത്താണ് താന്‍ ഡബ്ബിങ്ങിനെ സീരിയസായി കണ്ടുതുടങ്ങിയതെന്ന് വിനീത് കൂട്ടിച്ചേര്‍ത്തു. പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ സിനിമകളില്‍ ഫഹദിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് താന്‍ ഫാസില്‍ എന്ന അസാധാരണ ആക്ടറെ ഫഹദില്‍ കണ്ടെന്നും വിനീത് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു വിനീത്.

‘പാച്ചിക്ക മികച്ച സംവിധായകനെക്കാള്‍ അസാധ്യ നടന്‍ കൂടെയാണ്. ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് അദ്ദേഹവും അസിസ്റ്റന്റുകളും അഭിനയിച്ചുകാണിക്കും. ശോഭനയെപ്പോലൊരു ആര്‍ട്ടിസ്റ്റ് എന്നോട് പറഞ്ഞിട്ടുള്ളത് ‘ജസ്റ്റ് ടു സേ യെസ് പാച്ചിക്ക’ എന്നാണ്. മണിച്ചിത്രത്താഴില്‍ നാഗവല്ലിയുടെ സൂക്ഷ്മചലനങ്ങളില്‍ പോലും പാച്ചിക്ക എന്ന നടന്റെ ഇന്‍ഫ്‌ളുവന്‍സ് ഞാന്‍ കണ്ടിട്ടുണ്ട്.

മാനത്തെ വെള്ളിത്തേര് എന്ന സിനിമയുടെ സമയത്താണ് ഞാന്‍ ഡബ്ബിങ്ങിനെ സീരിയസായി കണ്ടുതുടങ്ങിയത്. എട്ടുദിവസം അദ്ദേഹം എന്റെ കൂടെ ഡബ്ബിങ്ങിന് ഇരുന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ധൂമത്തിലും പാച്ചുവും അത്ഭുതവിളക്കിലും അഭിനയിച്ച സമയത്ത് ഫഹദിലും പാച്ചിക്ക എന്ന അസാധാരണ ആക്ടറെ എനിക്ക് കാണാന്‍ സാധിച്ചു,’ വിനീത് പറയുന്നു.

Content Highlight: Vineeth shares the shooting experience with Fahadh Faasil