| Monday, 9th December 2024, 6:00 pm

ശോഭനയെപ്പോലെ വലിയ ഡാന്‍സറാകാന്‍ കഴിവുള്ള ആളായിരുന്നു ആ നടി: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ തന്റെ മിക്ക സിനിമകളിലും നായികയായിരുന്ന മോനിഷയെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്. നഖക്ഷതങ്ങളിലൂടെയാണ് മോനിഷയും സിനിമയിലേക്ക് വന്നതെന്ന് വിനീത് പറഞ്ഞു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ മോനിഷയെ കണ്ടിട്ടുള്ളൂവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. അഭിനയത്തെപ്പോലെ നൃത്തത്തെയും വളരെയധികം സീരിയസായാണ് മോനിഷ സമീപിച്ചതെന്ന് വിനീത് പറഞ്ഞു.

ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ശോഭനയെപ്പോലെ ഗംഭീര ഡാന്‍സറായേനെയെന്നും മോനിഷയുടെ ഡാന്‍സ് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. തലശേരിയില്‍ വെച്ച് ഒരു ഡാന്‍സ് കച്ചേരി ഒറ്റക്ക് പെര്‍ഫോം ചെയ്യുന്നത് കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും വിനീത് പറഞ്ഞു. മോനിഷയുടെ നഷ്ടം മലയാളസിനിമക്ക് നികത്താനാകാത്തതാണെന്നും വിനീത് പറഞ്ഞു. സമകാലികം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘എന്റെയും മോനിഷയുടെയും ആദ്യസിനിമയായിരുന്നു നഖക്ഷതങ്ങള്‍. അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എപ്പോഴും ചിരിച്ചുകൊണ്ടുള്ള ഒരു മുഖമാണ് മനസില്‍ വരുന്നത്. സെറ്റിലായാലും അല്ലാത്തപ്പോഴുമെല്ലാം മോനിഷയുടെ മുഖത്ത് ആ ചിരി എപ്പോഴും ഉണ്ടായിരുന്നു. അഭിനയത്തെപ്പോലെ ഡാന്‍സിനെയും വളരെ സീരിയസായി കണ്ടിരുന്ന ഒരാളായിരുന്നു മോനിഷ.

ഇന്നും നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ശോഭനയെപ്പോലെ മോനിഷയും ഗംഭീര ഡാന്‍സറായേനെ. അവരുടെ ഒരു ഡാന്‍സ് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. തലശേരിയില്‍ വെച്ചായിരുന്നു ആ പ്രോഗ്രാം. അന്ന് ഒരു വലിയ കച്ചേരി മോനിഷ ഒറ്റക്ക് പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ നഷ്ടം മലയാളസിനിമക്ക് നികത്താന്‍ കഴിയാത്ത ഒന്ന് തന്നെയാണ്,’ വിനീത് പറയുന്നു.

Content Highlight: Vineeth shares the memories of Actress Monisha

We use cookies to give you the best possible experience. Learn more