എം.ടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വൈശാലി. മഹാഭാരതത്തിലെ ചെറിയൊരു ഭാഗത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സിനിമാപ്രേമികള്‍ക്ക് ഇന്നും ഒരു അത്ഭുതമാണ്. ബോളിവുഡ് താരങ്ങളായ സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിലെ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചത് തന്നെയായിരുന്നെന്ന് പറയുകയാണ് വിനീത്. എം.ടിയാണ് തന്റെ പേര് ഭരതന് നിര്‍ദേശിച്ചതെന്നും അന്ന് ആ പ്രൊജക്ടിന്റെ വലിപ്പം തനിക്ക് അറിയില്ലായിരുന്നെന്നും വിനീത് പറഞ്ഞു. മഹാഭാരതത്തിന്റെ കഥ സിനിമയാക്കാന്‍ പോകുന്നെന്നും ഒരു വേഷം ചെയ്യാന്‍ തയ്യാറായിക്കോളൂ എന്ന് ഭരതന്‍ തനിക്ക് സന്ദേശമയച്ചെന്നും താന്‍ അദ്ദേഹത്തെ പോയി കണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
താന്‍ അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നും ചെന്നൈയില്‍ ചെന്ന് ഭരതനെ കണ്ടെന്നും വിനീത് പറയുന്നു. എം.ടിയാണ് തന്നെ ആ സിനിമയിലേക്ക് നിര്‍ദേശിച്ചതെന്ന് മനസിലായെന്നും അദ്ദേഹം തനിക്ക് തന്ന വലിയൊരു അവസരമായിരുന്നു അതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെത്തിയതിന്റെ അടുത്ത ദിവസം ഭരതന്റെ കൂടെ ലുക്ക് ടെസ്റ്റിന് ചെന്നിരുന്നെന്നും അതെല്ലാം ഇപ്പോഴും ഓര്‍മയുണ്ടെന്നും വിനീത് പറഞ്ഞു.
1984ലായിരുന്നു ഈ സംഭവമെന്നും എന്നാല്‍ അന്ന് ആ സിനിമ നടക്കാതെ പോയെന്നും അത് തനിക്ക് ചെറിയൊരു വിഷമമുണ്ടാക്കിയെന്നും വിനീത് പറയുന്നു. എന്നാല്‍ എം.ടിയുടെ അടുത്ത ചിത്രത്തില്‍ തനിക്ക് നല്ലൊരു വേഷം കിട്ടിയെന്നും അദ്ദേഹത്തിന് തന്നോടുള്ള കണ്‍സേണിന്റെ പുറത്താണ് അത് സംഭവിച്ചതെന്നും വിനീത് പറഞ്ഞു. മാതൃഭൂമി സംഘടിപ്പിച്ച ‘ക’ അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.
‘ഋഷ്യശൃംഗനായി ആദ്യം എന്നെ വിളിച്ചതായിരുന്നു. എം.ടി. സാറാണ് എന്റെ പേര് സജസ്റ്റ് ചെയ്തത്. അന്ന് ആ പ്രൊജക്ടിന്റെ വലിപ്പം അറിയില്ലായിരുന്നു. ‘മഹാഭാരതം സിനിമയാക്കാന്‍ പോകുന്നു ഒരു വേഷം ചെയ്യാന്‍ റെഡിയായിക്കോളൂ’ എന്ന് പറഞ്ഞ് ഭരതന്‍ സാര്‍ എനിക്ക് ടെലഗ്രാം ചെയ്തിരുന്നു. അപ്പോള്‍ തന്നെ മനസിലായി, എം.ടി. സാര്‍ വഴിയാണ് എനിക്ക് ആ ചാന്‍സ് കിട്ടിയതെന്ന്. എനിക്ക് കിട്ടിയ വലിയൊരു അവസരമായിരുന്നു അത്. ചെന്നൈയിലെത്തി ഭരതന്‍ സാറിനെ കണ്ടപ്പോള്‍ അദ്ദേഹം കഥ പറഞ്ഞു. പിറ്റേന്ന് ഒരു ലുക്ക് ടെസ്റ്റ് ഉണ്ടെന്ന് പറഞ്ഞു.
അങ്ങനെ പോയപ്പോള്‍ ആ മുനികുമാരന്റെ വേഷത്തില്‍ ലുക്ക് ടെസ്റ്റ് നടത്തി. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയമായിരുന്നു അത്. മീശയൊക്കെ മുളച്ച് വരുന്നതേയുണ്ടായിരുന്നുള്ളൂ. 1984ലായിരുന്നു അത്. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അന്ന് ആ പ്രൊജക്ട് നടന്നില്ല. അതില്‍ ഇന്നും വിഷമമുണ്ട്. പകരം എം.ടി സാറിന്റെ ഇടനിലങ്ങള്‍ എന്ന സിനിമയില്‍ എനിക്ക് നല്ലൊരു വേഷം കിട്ടി,’ വിനീത് പറയുന്നു.
Content Highlight: Vineeth says that he was opted for main role in Bharathan’s Vaishali movie