| Monday, 18th April 2022, 11:29 am

ഋഷ്യശൃംഗനായി എന്നെ ഫിക്‌സ് ചെയ്തതാണ്, അത് നടക്കാതെ പോയത് വലിയ വിഷമമുണ്ടാക്കി; വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകമനസില്‍ ഇടംനേടിയ നടനാണ് വിനീത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ച വിനീത് അടുത്തിടെ പല താരങ്ങള്‍ക്ക് വേണ്ടി ഡബ്ബും ചെയ്തിരുന്നു. ഇതിലേറ്റവും ശ്രദ്ധേയമായത് ലൂസിഫറില്‍ വിവേക് ഒബ്രോയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതായിരുന്നു.

1985 ല്‍ പുറത്തിറങ്ങിയ ഐ.വി ശശിയുടെ ഇടനിലങ്ങളിലാണ് വിനീത് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രേക്ഷകമനസിലേക്ക് ഇടംപിടിച്ച ഒരു പിടി കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തത്.

ഇതില്‍ വിനീതിന്റെ കയ്യില്‍ നിന്നും പോയ ഒരു കഥാപാത്രമായിരുന്നു വൈശാലിയിലെ ഋഷ്യശൃംഗന്റേത്. വിനീതിനെയായിരുന്നു ആദ്യം ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. പിന്നീട് ആ പ്രോജക്ട് നിന്നു പോയെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും വിനീത് പറയുന്നു.

കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1984ല്‍ ഭരതന്‍ സാര്‍ ഋഷ്യശൃംഗന് വേണ്ടി എന്നെ വിളിച്ചിരുന്നു. ഞാന്‍ അപ്പോള്‍ എം.ടി വാസുദേവന്‍ സാറിന്റെ ഭാര്യ കലാമണ്ഠലം സരസ്വതി ടീച്ചറിന്റെ കീഴില്‍ നൃത്തം പഠിക്കുന്നുണ്ട്. എനിക്ക് സ്‌പെഷ്യല്‍ ക്ലാസായിരുന്നു. മറ്റ് പെണ്‍കുട്ടികളില്ലാതെ ഒറ്റക്കാണ് എന്നെ പഠിപ്പിച്ചിരുന്നത്.

ആ സമയത്താണ് ഋഷ്യശൃംഗന് വേണ്ട് ഭരതന്‍ സാര്‍ എന്നെ വിളിക്കുന്നത്. എം.ടി സാറാണ് എന്നെ സജസ്റ്റ് ചെയ്തതെന്നാണ് തോന്നുന്നത്. അങ്ങനെ ഞാന്‍ പോയി ഭരതന്‍ സാറിനെ കണ്ടു, എന്നെ ഫിക്‌സ് ചെയ്തു. പക്ഷേ ആ പ്രോജക്ട് അപ്പോള്‍ നടന്നില്ല. പ്രൊഡ്യൂസര്‍ക്ക് എന്തോ പ്രശ്‌നമുണ്ടായിരുന്നു. അത് വലിയ പ്രൊജക്ടായിരുന്നു. ഋഷ്യശൃംഗന്‍ എന്ന ഒരു ഫുള്‍ പേപ്പര്‍ ആഡ് വന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്,’ വിനീത് പറഞ്ഞു.

‘അന്ന് ചെറുതായി മീശയൊക്കെ വരുന്ന സമയമാണ്. ആ ചിത്രത്തിലെ സ്റ്റില്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്. എനിക്കന്ന് 14 വയസ്സേയുള്ളൂ. അതുതന്നെയായിരുന്നു ഋഷ്യശൃംഗന്റെ പ്രായമെന്നാണ് എനിക്ക് തോന്നുന്നത്.

അതിന്റെ പ്രിപ്പറേഷന്‍ ചെയ്തതാണ്. പിന്നെ ആ പ്രൊജക്ട് കാന്‍സലായി. അന്ന് ഭയങ്കര സങ്കടമായിരുന്നു. കാരണം ആ പ്രായത്തില്‍ എല്ലാ കൗമാരപ്രായക്കാര്‍ക്കും ഒരു സിനിമാ മോഹമുണ്ടല്ലോ. അതുപോലെ എനിക്കും ആഗ്രഹമുണ്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: vineeth says he was fixed as rishyadringan in vaisali and it was a great pity that it did not happen

We use cookies to give you the best possible experience. Learn more