അനിയത്തിപ്രാവിലേക്കും മണിച്ചിത്രത്താഴിലേക്കും ആദ്യം എന്നെ വിളിച്ചിരുന്നു: വിനീത്
Film News
അനിയത്തിപ്രാവിലേക്കും മണിച്ചിത്രത്താഴിലേക്കും ആദ്യം എന്നെ വിളിച്ചിരുന്നു: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th April 2022, 8:51 pm

മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനമുറപ്പിച്ച നടനാണ് വിനീത് രാധാകൃഷ്ണന്‍. നഖക്ഷതങ്ങള്‍, പരിണയം, സര്‍ഗം, മഴവില്ല് കാബൂളിവാല ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ വിനീത് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇതിനിടക്ക് മലയാളത്തിലെ ചില ഐകോണിക് സിനിമകളിലെ നിര്‍ണായക കഥാപാത്രങ്ങളും വിനീതിനെ തേടിയെത്തിയിരുന്നു. സല്ലാപം, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. ഈ അവസരങ്ങള്‍ എങ്ങനെയാണ് തനിക്ക് നഷ്ടമായതെന്ന് പറയുകയാണ് വിനീത്. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘സല്ലാപത്തിലേക്ക് എന്നെ വിളിച്ചിരുന്നു. ഞാനാ സമയം കാതല്‍ ദേശം, ശക്തി എന്നീ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ആ അവസരം പോയത്. അന്ന് ആനി, മനോജ് കെ. ജയന്‍, ഞാന്‍ ഇങ്ങനെയായിരുന്നു കാസ്റ്റിംഗ്. അതിന് ശേഷമാണ് ദിലീപും മഞ്ജുവും എത്തുന്നത്.

എന്നാല്‍ അതിന്റെയൊക്കെ മനോഹാരിത കാസ്റ്റിംഗിലെ ആ ഫ്രെഷ്‌നസാണ്. എനിക്ക് തോന്നുന്നത് മിക്ക പടങ്ങള്‍ക്കും ഇതുപോലെ വ്യത്യസ്തമായ ഓപ്ഷന്‍സ് ഉണ്ടായിട്ടുണ്ടായിരിക്കും. അത് ഞാന്‍ ചെയ്യേണ്ടതായിരുന്നു എന്ന് പറയുന്നതില്‍ കാര്യമില്ല. കാരണം അത് മറ്റൊരാള്‍ക്ക് വേണ്ടിയുള്ളതാണ്.

അനിയത്തിപ്രാവിലേക്കും എന്നെ വിളിച്ചിരുന്നു. പാച്ചിക്കക്ക്(ഫാസില്‍) ഒരു പുതുമുഖത്തെയായിരുന്നു വേണ്ടത്. കുറെ ആള്‍ക്കാരെ നോക്കീട്ട് കിട്ടാതായപ്പോഴായിരിക്കും എന്നെ വിളിച്ചത്. പാച്ചിക്കക്ക് അന്നെന്നെ നന്നായി അറിയാം.

അന്നത്തെ എന്റെ അവസ്ഥ എങ്ങനെയാന്ന് വെച്ചാല്‍ കാതല്‍ ദേശത്തിന്റെ ഷൂട്ട് കഴിഞ്ഞ് പിറ്റെ ദിവസം ഭരതേട്ടന്റെ തെലുങ്ക് പടത്തിനായി വിശാഖ പട്ടണത്തിലേക്ക് പോകാന്‍ നില്‍ക്കുകയാണ്. അതാണ് പിന്നീട് മഞ്ജീര ധ്വനി എന്ന് പേരില്‍ മലയാളത്തിലിറങ്ങിയത്. അതൊരു വലിയ സിനിമയായിരുന്നു. അതിനിടയിലാണ് പാച്ചിക്കക്ക് കാണണമെന്ന് പറഞ്ഞ് വിളിക്കുന്നത്. ഞാന്‍ പോയി കണ്ടു. ശാലിനിയെ ഹീറോയിനായിട്ട് അവതരിപ്പിക്കുന്ന ഒരു സിനിമയുണ്ടെന്ന് പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ റോളിലേക്കാണ് എന്നെ വിളിച്ചത്. അപ്പോള്‍ ഭരതേട്ടന്റെ പടത്തിന് പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ അത് പോയി. പിന്നെ ചാക്കോച്ചന്‍ വന്നു. അതൊരു ചരിത്രമായി മാറി. അവരുടെ പെയറിനും ആ ഒരു ഫ്രെഷ്‌നസ് ഉണ്ടായിരുന്നു. എന്നെ പോലെയൊരു ആക്ടര്‍ അത് ചെയ്തിരുന്നെങ്കില്‍ അത് ഒരു സാധാരണ സിനിമയായി പോയേനെ. കാസ്റ്റിംഗിലെ ഫ്രെഷ്‌നസ് എപ്പോഴും ഒരു പടത്തിന്റെ ഭംഗിയാണ്,’ വിനീത് പറഞ്ഞു.

‘മണിച്ചിത്രത്താഴിലും ഇതുപോലെയായിരുന്നു. ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് പാച്ചിക്ക റഫായി എന്നോട് കഥ പറഞ്ഞിരുന്നു. ഞാന്‍ ബാക്ക് സ്റ്റേജില്‍ നിന്നും സ്റ്റേജിലേക്ക് പോകുമ്പോള്‍ പാച്ചിക്ക എന്റെ കൈ പിടിച്ചു നിര്‍ത്തി 100 കൊല്ലം മുമ്പേയുള്ള ഒരു നര്‍ത്തകി, അവളുടെ കാമുകനായ രാമനാഥന്‍. ഇത്രയേ പറഞ്ഞുള്ളൂ. ലാലിന്റേയും സുരേഷ് ഗോപിയുടെയും കമ്പൈന്‍ഡ് ഡേയ്‌സാണ്. 8 ദിവസം വേണമെന്ന് പറഞ്ഞു.

അപ്പോള്‍ പരിണയം തുടങ്ങാനിരിക്കുകയാണ്. ഞാന്‍ പാച്ചിക്കയോട് ഹരന്‍ സാറിനോട്(ഹരിഹരന്‍) ചോദിക്കട്ടെയെന്ന് പറഞ്ഞു. ഹരന്‍ സാര്‍ മാക്‌സിമം ശ്രമിച്ചെങ്കിലും  അതിന്റിടക്ക് നടന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: vineeth says he was called to the characters in the movies Sallapam, Manichitrathazhu and Aniyathipravu