| Saturday, 13th April 2024, 3:40 pm

ഹൃദയം തരൂ എന്നവർ ചോദിച്ചതാണ്; എന്നാൽ അന്ന് ഞങ്ങൾ തിയേറ്ററുകാരുടെ കൂടെ നിന്നു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പി.വി.ആറിന്റെ നിലപാടിൽ പ്രതിഷേധിച്ച് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. തന്റെ ഹൃദയം എന്ന സിനിമ തിയേറ്ററിൽ നിന്നും കളക്ട് ചെയ്തതിനേക്കാൾ ഒ.ടി.ടിയിൽ നിന്ന് ഓഫർ വന്നിരുന്നെന്ന് വിനീത് പറഞ്ഞു.

എന്നാൽ താനും പ്രൊഡ്യൂസറുമായ വിശാഖും ആ ഓഫർ നിരസിക്കുകയും അന്ന് തിയേറ്ററിന്റെ കൂടെ നിൽക്കുകയും ചെയ്‌തെന്ന് വിനീത് കൂട്ടിച്ചേർത്തു. തന്റെ സിനിമ തിയേറ്ററിൽ ഓടണമെന്ന ആഗ്രഹത്തിലാണ് അത് ചെയ്തതെന്നും ഇന്ന് പി.വി.ആറിന്റെ നിലപാടിൽ വിഷമം ഉണ്ടെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങൾ ഹൃദയം ചെയ്തപ്പോൾ സൺഡേ ലോക് ഡൗൺ ഉണ്ടായ സമയമായിരുന്നു. അന്ന് തിയേറ്ററുകാർ എന്നെയും വിശാഖിനെയും വിളിക്കുമായിരുന്നു. സണ്‍‌ഡേ ലോക് ഡൗൺ വരുന്നതിനു മുൻപ് അവർ ഞങ്ങളെ വിളിച്ചിട്ട് നിങ്ങൾ ഈ സിനിമ ഒ.ടി.ടിക്ക് കൊടുക്കരുത്, ഇത് തിയേറ്ററിൽ റിലീസ് ചെയ്യണം. ഞങ്ങൾ തിയേറ്ററിന്റെ കൂടെ നിന്നു.

വിശാഖിന് മൂന്ന് മടങ്ങ് പ്രോഫിറ്റ് കിട്ടാനുള്ള ഓഫർ ഒ.ടി.ടിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ അത് കൊടുത്തില്ല. വിശാഖ് തിയേറ്റർ ഉടമയാണ്. ഞാൻ കലാകാരനാണ്. എനിക്ക് എന്റെ സിനിമ തിയേറ്ററിൽ ഓടണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. അവൻ എന്റെ കൂടെ നിന്നു. ഞങ്ങൾ അത്രയും തിയറ്റേഴ്സിന്റെ കൂടെ നിൽക്കുന്ന ആൾക്കാരാണ്.

ബ്ലെസ്സി സാർ നിങ്ങൾ വരുന്നതിനുമുമ്പ് വളരെ ഇമോഷണൽ ആയിട്ടാണ് സംസാരിച്ചത്. ഇത് പി.വി.ആറിന്റെ മാത്രം വിഷയമല്ല. പി.വി.ആർ കൈകാര്യം ചെയ്യുന്ന ഒരുപാട് തിയേറ്റേഴ്സ് ഉണ്ട്. അവിടെ ഒന്നും നമുക്ക് നമ്മുടെ സിനിമ പ്രദർശിപ്പിക്കാൻ പറ്റുന്നില്ല. അത് വളരെ വേദനയോടെ കൂടിയാണ് പറയുന്നത്.

ഞാൻ ഇത്രയും സംസാരിക്കാത്ത ആളാണ്. ഇത് ജനങ്ങളിലേക്ക് എത്തിക്കുക. ഇത് പണം ഉണ്ടാക്കുന്ന ആളുകൾ സംസാരിക്കുന്ന കാര്യമില്ല. ഇത് ഒരുപാട് കലാകാരന്മാരുടെ പ്രശ്നമാണ്. അത് ആ രീതിയിൽ പൊതുസമൂഹം എടുക്കണം എന്ന് ഞാൻ പറയുകയാണ്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Vineeth said that the Hridiyam movie had more offers from OTT than the collection from theatres

Latest Stories

We use cookies to give you the best possible experience. Learn more