| Sunday, 17th April 2022, 6:00 pm

ആ ചിത്രങ്ങളില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഇടവേള ബാബുവായിരുന്നു: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തിന് പുറമേ ഡബ്ബിങ് മേഖലയില്‍ ഏറെ സജീവമായി മുന്നേറുന്ന നടനാണ് വിനീത് രാധാകൃഷ്ണന്‍. സ്വന്തം കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടിയും അദ്ദേഹം ശബ്ദം കൊടുക്കാറുണ്ട്.

ലൂസിഫറില്‍ വിവേക് ഒബ്റോയ് ചെയ്ത ബോബി എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് വിനീത് നേടിയിരുന്നു. തുടക്കകാലത്ത് അദ്ദേഹം അഭിനയിച്ച സിനിമകളില്‍ ശബ്ദം നല്‍കിയിരുന്നത് മറ്റു ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളാണ്. പിന്നീടാണ് അദ്ദേഹം ഡബ്ബിങ് മേഖലകളില്‍ സജീവമാകാന്‍ തുടങ്ങിയത്.

ചില സിനിമകളില്‍ തനിക്ക് വേണ്ടി ഇടവേള ബാബു ശബ്ദം കൊടുത്തതിനെ കുറിച്ചു കാന്‍ചാനല്‍ മീഡിയയില്‍ സംസാരിക്കുകയാണ് വിനീത്.

‘കൃഷ്ണ ചന്ദ്രേട്ടനാണ് എന്റെ ഒരുപാട് സിനിമകള്‍ ഡബ്ബ് ചെയ്തിട്ടുള്ളത്. പദ്മരാജന്‍ സാറിന്റെ സിനിമകളില്‍ റഹ്മാന് ശബ്ദം കൊടുക്കുന്ന നന്ദുവാണ് മുന്തിരിത്തോപ്പുകള്‍ക്ക് ഡബ്ബ് ചെയ്തത്. അതേപോലെ ഇടവേള ബാബു എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. അരവിന്ദേട്ടന്റെ ഒരിടത്തിലും മുത്തശ്ശി കഥയിലും ഡബ്ബ് ചെയ്തത് ഇടവേള ബാബുവാണ്.

പപ്പുവേട്ടനുമായുള്ള സീനില്‍ എന്താ എവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു അടിക്കുന്ന സീനൊക്കെ ബാബുവാണ് ചെയ്തത്. പി. ജി വിശ്വംഭരന്‍ സാറിന്റെ പൊന്ന് എന്ന സിനിമയില്‍ ഡബ്ബ് ചെയ്തത് ഞാനാണ്. എന്റെ തന്നെ വോയിസ് ആണത്. അശോകേട്ടനായിരുന്നു ഹീറോ, ഞാന്‍ സെക്കന്റ് ഹീറോ ആയിരുന്നു. പ്രണാമം കഴിഞ്ഞിട്ട് പിന്നെ അതിലാണ് ഞാന്‍ ഡബ്ബ് ചെയ്തത്,’ വിനീത് പറഞ്ഞു.

‘ഡബ്ബിങ്ങില്‍ എനിക്ക് അടിസ്ഥാന ട്രെയിനിങ് തന്നത് ഫാസില്‍ സാറാണ്. ഇന്ന് എനിക്ക് മറ്റുള്ള ആര്‍ട്ടിസ്റ്റിനു ഡബ്ബ് ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാന അനുഗ്രഹം പാച്ചിക്കായുടെ ഒരു ട്രെയിനിങ് ആയിരുന്നു.

മാനത്തെ വെള്ളിത്തേര് എന്ന സിനിമയില്‍ ഏകദേശം എട്ടു മുതല്‍ പത്തു ദിവസം വരെ എന്നെ ഇരുത്തി പാച്ചിക്ക ഡബ്ബ് ചെയ്യിപ്പിച്ചു. ആ കാലത്തൊക്കെ അദ്ദേഹത്തെ പോലെ പ്രഗത്ഭഭനായ ഒരു ഡയറക്ടര്‍ അങ്ങനെ ചെയ്തത് അത്ഭുതമായിരുന്നു. ദാറ്റ് വാസ് പാച്ചിക്ക.

ശബ്ദം എങ്ങനെ മോഡുലേറ്റ് ചെയ്യണം, ശ്വാസം എങ്ങനെ നിയന്ത്രിക്കണം എന്നതെല്ലാം പാച്ചിക്ക ഒരുപാട് സമയമെടുത്തു പറഞ്ഞുതന്നു. മാത്രവുമല്ല വോയിസില്‍ എങ്ങനെ ബേസ് കൊണ്ടുവരണം എന്നൊക്കെ മാനത്തെ വെള്ളിത്തേരിന്റെ ഡബ്ബിങ് സമയത്തു പാച്ചിക്കയാണ് എനിക്ക് പഠിപ്പിച്ചു തരുന്നത്. അവിടുന്നായിരുന്നു എനിക്കിത് ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം വന്നത്,’ വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlight: vineeth reveals that idavela babu dubbed him for the movies muthassi katha and oridath

We use cookies to give you the best possible experience. Learn more