| Friday, 22nd April 2022, 3:22 pm

മോനിഷക്ക് ആ കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീട്ടിലെത്തിയ ഞാന്‍ അറിഞ്ഞത് അവരുടെ മരണവാര്‍ത്തയാണ്; ഓര്‍മകള്‍ പങ്കുവെച്ച് വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികളുടെ മനസ്സില്‍ ഇന്നും സ്ഥാനമുള്ള താരമാണ് നടി മോനിഷ ഉണ്ണി. 1986ല്‍ വിനീത് നായകനായ ‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് മോനിഷ സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് താരം ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രേക്ഷര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. 1993ല്‍ ‘ചെപ്പടിവിദ്യ’ എന്ന മലയാള സിനിമയിലാണ് മോനിഷ അവസാനമായി അഭിനയിച്ചത്. 1992ല്‍ നടന്ന വാഹനാപകടത്തില്‍ മോനിഷ മരണപ്പെടുകയായിരുന്നു.

മോനിഷയുമായുള്ള ഓര്‍മകളെ കുറിച്ചും, താരത്തിന്റെ മരണത്തെ കുറിച്ചും പറയുകയാണ് നടന്‍ വിനീത്. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മോനിഷയുടെ കൂടെ നാലോ അഞ്ചോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ എന്റെ വളരെ നല്ല സുഹൃത്തായിരുന്നു. എപ്പോഴും ചിരിക്കും, ഒരിക്കലും മോനിഷയെ മൂഡ് ഔട്ടായി കാണില്ല.

അവരുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ അഗാധമായ ഞെട്ടലിലായിരുന്നു. ആ പ്രായത്തില്‍ നമ്മള്‍ ആ അവസ്ഥയെ നേരിടും എന്നറിയില്ലല്ലോ. ആ സംഭവം നടക്കുന്നതിന്റെ തലേ ദിവസം വരെ ഞാന്‍ മോനിഷയുടെ കൂടെ ആയിരുന്നു.

അന്ന് ഒരു തമിഴ്പടത്തിന്റെ ഷൂട്ട് കഴിഞ്ഞ് ബാഗ്ലൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റില്‍ പോവുകയായിരുന്നു. ബെംഗളൂരില്‍ എത്തിയപ്പോള്‍ എനിക്ക് നല്ല പോലെ ഒരു ചിരി കേള്‍ക്കാം. ഞാന്‍ നോക്കുമ്പോള്‍ മോനിഷയും അവരുടെ അമ്മയും കയറി വരുന്നു. മോനിഷ ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗിന് പോവുകയായിരുന്നു. ഞാന്‍ മറ്റൊരു പടത്തിന്റേയും.

തിരുവനന്തപുരത്ത് പങ്കജ് എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ചമ്പക്കുളം തച്ചന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്. മോനിഷയും ഞാനും അമ്മയും ഒരു മാനേജരും കൂടി വൈകിട്ട് സിനിമ തിയേറ്ററില്‍ പോയി കണ്ടു. മോനിഷ ദുപ്പട്ടകൊണ്ട് മുഖം കവര്‍ ചെയ്തിട്ടാണ് തിയേറ്ററില്‍ വന്നത്.

അതിന് ശേഷം ചായ കുടിച്ചപ്പോള്‍ ഞങ്ങള്‍ ചിലപ്പോള്‍ പോവും ഇവള്‍ക്ക് ഗുരുവായൂരില്‍
പ്രോഗ്രാമുണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. മോനിഷയുടെ ഗുരുവായൂരിലുള്ള ഒരു പ്രോഗ്രാമിന് ശേഷം അച്ഛനെ കാണാന്‍ വേണ്ടി ചിലപ്പോള്‍ ബെംഗളൂരില്‍ തിരിച്ച് പോവുമെന്നും മോനിഷയുടെ അമ്മ അന്ന് പറഞ്ഞിരുന്നു. എനിക്ക് നാളെ മുതല്‍ പകലും രാത്രിയും ഷൂട്ടുള്ളത് കൊണ്ട് നിങ്ങളെ കാണാന്‍ സാധിക്കുമോ എന്നറിയില്ല എന്ന് അവരോട് പറഞ്ഞു. അവിടെ നിന്ന് നമ്മള്‍ യാത്ര പറഞ്ഞിട്ടാണ് പിരിഞ്ഞത്.

അടുത്ത ദിവസം രാവിലെ മുതല്‍ പിറ്റേന്ന് രാവിലെ വരെ തുടര്‍ച്ചയായി എനിക്ക് ഷൂട്ടുണ്ടായിരുന്നു. അതിന് ശേഷം എനിക്ക് അന്ന് രാത്രി ട്രെയ്നില്‍ തലശ്ശേരിയിലേക്ക് പോവാന്‍ ഉണ്ടായിരുന്നു. ഹോട്ടലിന്റെ താഴെ വന്ന് മോനിഷ തിരിച്ച് വന്നോ എന്ന് അന്വേഷിച്ചപ്പോള്‍ അവരിപ്പോഴും ഷൂട്ടിലാണെന്ന് അറിഞ്ഞു. അങ്ങനെ മോനിഷയ്ക്ക് വേണ്ടി ബെസ്റ്റ് വിഷസ്സ് ഫോര്‍ യുവര്‍ പ്രോഗ്രാം, സീ യു സൂണ്‍ എന്ന കുറിപ്പ് എഴുതി അവിടെ ഏല്‍പ്പിച്ച് ഞാന്‍ അവിടെ നിന്ന് പോയി. ഇതൊക്കെ ഡിസംബര്‍ നാലിനാണ് സംഭവിച്ചത്,” വിനീത് പറഞ്ഞു.

”ഞാന്‍ തലശ്ശേരിയിലെ വീട്ടില്‍ എത്തിയപ്പോള്‍ എന്റെ അച്ഛനും അമ്മയും സഹോദരിയുമൊക്കെ വീടിന്റെ പുറത്ത് കാത്ത് നില്‍ക്കുന്നത് കണ്ടു. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അമ്മ വന്ന് എന്റെ കൈ പിടിച്ചു. അമ്മ എന്നോട് നീ അറിഞ്ഞില്ലേ എന്ന് ചോദിച്ചു. എന്ത് പറ്റി എന്ന് അമ്മയോട് ചോദിച്ചപ്പോള്‍ മോനിഷ നമ്മളെ വിട്ട് പോയി എന്ന് അമ്മ പറഞ്ഞു. ഇത് കേട്ട ഉടനെ ഒരു തീ ശരീരം മുഴുവന്‍ വന്ന പോലെയാണ് തോന്നിയത്. ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ആ ഷോക്കില്‍ ഞാന്‍ നിലത്ത് രണ്ട് മിനിറ്റ് നിലത്തിരുന്നു. അങ്ങനെ ആ നിമിഷം തന്നെ തലശ്ശേരിയില്‍ നിന്ന് ഇറങ്ങി കാറില്‍ ഞാന്‍ കൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നു,’ വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlight: vineeth radhakrishnan shares the memmories with monisha

We use cookies to give you the best possible experience. Learn more