| Thursday, 29th June 2023, 1:02 pm

കഥകളിക്കാരിൽ മാത്രം വരുന്ന ഭാവങ്ങളാണ് അദ്ദേഹത്തിന്റെ കണ്ണിൽ: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാന്താര എന്ന ചിത്രത്തിൽ നടൻ ഋഷഭ് ഷെട്ടിയുടെ കണ്ണിൽ വിരിഞ്ഞ ഭാവങ്ങൾ കഥകളിക്കാർക്ക് മാത്രം വരുന്നതെന്ന് നടൻ വിനീത്. ധൂമം എന്ന ചിത്രത്തിന് വേണ്ടി ഹോംബാലെ പ്രൊഡക്ഷൻസുമായി ഒത്തുചേർന്നപ്പോൾ കാന്താരയുമായി ബന്ധപ്പെട്ട തന്റെ സംശയങ്ങൾ ചോദിച്ച് മനസിലാക്കിയെന്നും ഋഷഭ് ഷെട്ടിയുടെ കണ്ണുകളിൽ ആനിമേഷൻ ചെയ്തതുപോലെ തനിക്ക് തോന്നിയെന്നും വിനീത് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാന്താര ഇപ്പോൾ കണ്ടാലും എത്ര മനോഹരമാണ്. ഋഷഭ് ഷെട്ടിയും അദ്ദേഹത്തിന്റെ പെർഫോമൻസും അത്ഭുതപ്പെടുത്തുന്നതാണ്. ആ ചിത്രത്തിൽ കാണിച്ചിരിക്കുന്ന സംഭവങ്ങളും അതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എത്ര മനോഹരമാണ്. ഹോംബാലെ കാന്താരയുമായിട്ട് അസോസിയേറ്റഡ് ആണല്ലോ. ഈ ചിത്രം കണ്ടിട്ടുള്ള എന്റെ എല്ലാ സംശയങ്ങളും അവരോട് ഞാൻ ചോദിച്ച് മനസിലാക്കി.

ചിത്രത്തിൻറെ അവസാനം ഋഷഭ് ഷെട്ടിയുടെ കഥാപാത്രത്തിന്റെ പരിവർത്തനം ഉണ്ട്, അത് വളരെ മനോഹരമാണ്. കാരണം അതിൽ അദ്ദേഹത്തിന്റെ കണ്ണിൽ വരുന്ന മാറ്റങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അതൊക്കെ കഥകളിക്കാരിൽ മാത്രം വരുന്ന ഭാവങ്ങളാണ്. അനിമേഷൻ വല്ലതും ചെയ്തിട്ടുണ്ടോയെന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞത് അദ്ദേഹം അഭിനയിക്കുമ്പോൾ ആ കഥാപാത്രത്തിലേക്ക് മാറുന്നതാണെന്നാണ്. ആ ട്രാൻസ്ഫോർമേഷൻ കഴിഞ്ഞ്‌ അദ്ദേഹം വരുന്ന ഒരു സീൻ ഉണ്ട്, അപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ശ്രദ്ധിക്കണം. പുറത്തേക്ക് തള്ളി നിൽക്കുന്നപോലെയാണ്, അത് കഥകളി ചെയ്യുന്നവർക്ക് മാത്രം പറ്റുന്ന ഒന്നാണ്. ഞാൻ അവരോട് ചോദിച്ചു അദ്ദേഹം കഥകളി പഠിച്ചിട്ടുണ്ടോയെന്ന്,’ വിനീത് പറഞ്ഞു.

ഹോംബാലെ ഫിലിംസ് നിർമിച്ച ആദ്യ മലയാള ചിത്രമായ ധൂമം ആണ് വിനീതിന്റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, അനു മോഹന്‍, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീതമൊരുക്കിയത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റര്‍ ഓഫ് ഇന്ത്യൻ സിനിമാറ്റോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യേനെട, അഭിയും നാനും, ഹെയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Content Highlights: Vineeth on Kantara movie

We use cookies to give you the best possible experience. Learn more