ഹൃദയം എന്ന ചിത്രത്തിലെ ദർശന രാജേന്ദ്രന്റെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടൻ വിനീത്. തനിക്ക് ദർശനയെ പരിചയമില്ലായിരുന്നെന്നും ഫോൺ നമ്പർ കണ്ടെത്തി വിളിച്ച് അഭിനന്ദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്.
‘ഞാൻ ഒരുപാട് ആർട്ടിസ്റ്റുകളുടെ കൂടെ അഭിനയിച്ചു. അവർക്കൊക്കെ അവരുടേതായ പ്രത്യേകതകൾ ഉണ്ട്. സൗന്ദര്യമായാലും, കഴിവായാലും, സിനിമയെ അപ്പ്രോച്ച് ചെയ്യുന്ന രീതിയായാലും അവർക്ക് അവരുടേതായ പ്രത്യേകതകൾ ഉണ്ട്.
ഞാൻ തമിഴിൽ തബുവിന്റെ കൂടെ അഭിനയിച്ചു. അവർ അതി ഗംഭീരമായ നടിയാണ്. മലയാളത്തിൽ നോക്കുകയാണെങ്കിൽ സംവൃത, രംഭ, പാർവതി, മോനിഷ, കാവ്യ, നവ്യ, സലീമ, ഭാവന ഇവർക്കൊക്കെ അഭിനയത്തിൽ അവരുടേതായ വ്യത്യാസങ്ങൾ ഉണ്ട്, ഭംഗിയും ഉണ്ട്.
സീനിയർ നടിമാരെ നോക്കുകയാണെങ്കിൽ ശ്രീവിദ്യാമ്മ, സുകുമാരിയമ്മ ഇവരെയൊന്നും നമുക്ക് താരതമ്യം ചെയ്യാൻ കഴിയില്ല. എല്ലാവരും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്,’ വിനീത് പറഞ്ഞു. .
പുതിയ തലമുറയിലെ നടിമാരെക്കുറിച്ചും വിനീത് സംസാരിച്ചു. അപർണ ബാലമുരളി, ദർശന രാജേന്ദ്രൻ, അന്ന ബെൻ എന്നിവരൊക്കെ നല്ല കഴിവുള്ള നടിമാരാണെന്നും ഹൃദയം എന്ന ചിത്രത്തിൽ ദർശനയുടെ അഭിനയം വളരെ മനോഹരമായിരുന്നെന്നും വിനീത് പറഞ്ഞു.
‘ഇപ്പോഴത്തെ കാലഘട്ടത്തിൽ ധാരാളം ബ്രില്യന്റായ നടിമാർ ഉണ്ട്. അപർണ ബാലമുരളി, ദർശന, അന്ന ബെൻ ഇവരൊക്കെ എത്ര മികച്ച നടിമാരാണ്. ദർശനയെ എനിക്ക് നേരിട്ട് പരിചയമില്ല. വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം കണ്ടിട്ട് ഞാൻ ദർശനയെ വിളിച്ചു. എന്റെ കയ്യിൽ നമ്പർ ഉണ്ടായിരുന്നില്ല, കണ്ടുപിടിച്ചിട്ട് വിളിക്കുകയാണ് ചെയ്തത്. അവരുടെ അഭിനയം അത്രക്ക് ആകർഷകം ആയിരുന്നു. ഇപ്പോഴത്തെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും വളരെ കഴിവുള്ളവരാണ്,’ വിനീത് പറഞ്ഞു.