ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസും ഗുരു സോമസുന്ദരവുമായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം തിയേറ്ററില്‍ റിലീസാകുന്നതിന് പകരം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ്ങ് ചെയ്യുകയായിരുന്നു.
ഇപ്പോള്‍ മിന്നല്‍ മുരളിയെന്ന സിനിമ തിയേറ്ററില്‍ വരണമെന്നത് താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു എന്ന് പറയുകയാണ് നടനും സംവിധായകനുമായ വിനീത് കുമാര്‍. ഈ സിനിമ ടി.വിയില്‍ കാണുന്ന സമയത്തൊക്കെ തിയേറ്ററില്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇംപാക്ടെന്ന് ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.
‘മിന്നല്‍ മുരളിയെന്ന സിനിമ തിയേറ്ററില്‍ വരണമായിരുന്നു എന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു. കാരണം അത് ടി.വിയില്‍ കാണുന്ന സമയത്തൊക്കെ ഞാന്‍ ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഈ സിനിമ തിയേറ്ററില്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും അതിന്റെ ഇംപാക്ട്.
ഒരു സിനിമ തിയേറ്ററില്‍ ഇറങ്ങിയ ഉടനെ പബ്ലിക്കില്‍ നിന്ന് കിട്ടുന്ന ഒരു റെസ്‌പോണ്‍സുണ്ട്. മിന്നല്‍ മുരളിയുടെ കാര്യം നോക്കുകയാണെങ്കില്‍ ടൊവിനോക്ക് ഒരു നടന്‍ എന്ന രീതിയിലും ബേസിലിന് ഒരു സംവിധായകന്‍ എന്ന രീതിയിലും അത് നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടില്ല.
പക്ഷെ ടൊവിനോയുടെ പുതിയ സിനിമയായ എ.ആര്‍.എമ്മിലൂടെ അവര്‍ക്ക് അത് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റും. പക്ഷെ മിന്നല്‍ മുരളിക്ക് അത് നഷ്ടമായി എന്നത് ചെറിയ കാര്യമല്ല. പിന്നെ എ.ആര്‍.എമ്മിനെ കുറിച്ച് ചോദിച്ചാല്‍, ആ സിനിമ മിന്നല്‍ മുരളിയേക്കാള്‍ മുകളില്‍ പോകാന്‍ സാധ്യതയുള്ളതായാണ് ഞാന്‍ കരുതുന്നത്,’ വിനീത് കുമാര്‍ പറഞ്ഞു.
Content Highlight: Vineeth Kumar Talks About Minnal Murali And Tovino Thomas