Entertainment
അന്ന് മമ്മൂട്ടിയെന്ന നടന്റെ വലിപ്പമൊന്നും അറിയില്ലായിരുന്നു; ആ സിനിമകളുടെ ഭാഗമായത് എന്റെ ഭാഗ്യം: വിനീത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 09:14 am
Wednesday, 15th January 2025, 2:44 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനീത് കുമാര്‍. ബാലതാരമായാണ് വിനീത് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നടന് സാധിച്ചിരുന്നു.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും വിനീത് കരസ്ഥമാക്കിയിരുന്നു. പിന്നീട് അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട്, പവി കെയര്‍ടേക്കര്‍ തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വടക്കന്‍ വീരഗാഥയെ കുറിച്ച് സംസാരിക്കുകയാണ് വിനീത് കുമാര്‍. താന്‍ വളരെ ചെറിയ പ്രായത്തിലാണ് വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചതെന്നും ഇന്ന് ആലോചിക്കുമ്പോള്‍ അതൊരു വിസ്മയലോകം തന്നെയായിരുന്നെന്നും അദ്ദേഹം പറയുന്നു.

അന്നത്തെ പ്രായത്തില്‍ മമ്മൂട്ടി എന്ന നടന്റെ വലിപ്പം തനിക്ക് അറിയില്ലായിരുന്നെന്നും മലയാളം കണ്ട ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും വിനീത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പഠിപ്പുര എന്ന ചിത്രത്തിലൂടെ ആയിരുന്നു ഞാന്‍ ബാലതാരമായി അഭിനയരംഗത്തേയ്ക്ക് എത്തിയത്. അന്നും തുടര്‍ച്ചയായി ഞാന്‍ അഭിനയിച്ചിരുന്നില്ല. വടക്കന്‍ വീരഗാഥ, ദശരഥം, ഭരതം, അദ്വൈതം, സര്‍ഗ്ഗം തുടങ്ങിയ എത്രയോ സിനിമകളുണ്ട്.

ഞാന്‍ വളരെ ചെറിയ പ്രായത്തിലാണ് വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചത്. ഇന്ന് ആലോചിക്കുമ്പോള്‍ അതൊരു വിസ്മയലോകം തന്നെയായിരുന്നു. സിനിമാ സെറ്റ് എന്നതിലുപരി അതൊരു ഉത്സവപ്പറമ്പായിരുന്നു. ആനകളും തേരും ധാരാളം കുട്ടികളും ഒക്കെയായ ശരിക്കുമുള്ള ഒരു പൂരപ്പറമ്പ്.

എന്നും ഞങ്ങള്‍ക്ക് കഴിക്കാന്‍ ഇലയിട്ട സദ്യയായിരുന്നു. അന്നത്തെ പ്രായത്തില്‍ മമ്മൂട്ടി എന്ന നടന്റെ വലിപ്പമൊന്നും എനിക്കറിയില്ലായിരുന്നു. മലയാളം കണ്ട ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar Talks About Mammootty And Oru Vadakkan Veeragatha